ലോക ചെസ് ചാംപ്യന് തമിഴ്‌നാട് സര്‍ക്കാറിന്റെ സമ്മാനം....
ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ വീഴ്ത്തി ജേതാവായ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാറിന്റെ സമ്മാനം. ഗുകേഷിന്റെ മാതൃസംസ്ഥാനമായ തമിഴ്‌നാട്, താരത്തിന്റെ നേട്ടത്തിനുള്ള പ്രോത്സാഹനമായി 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ചതിലൂടെ ഗുകേഷിന് 12 കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരും 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചത്.
സിംഗപ്പൂരിലെ സെന്റോസ റിസോര്‍ട്‌സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18-ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോല്‍പിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യന്‍ഷിപ്പില്‍ 13 കളികള്‍ തീര്‍ന്നപ്പോള്‍ സ്‌കോര്‍നില തുല്യമായിരുന്നു (6.5-6.5). അവസാന ഗെയിമിലെ ജയത്തോടെ സ്‌കോര്‍ 7.5- 6.5 എന്ന നിലയിലായി. 14ാ-ം ഗെയിമിലെ 55-ാം നീക്കത്തില്‍ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.
നേരത്തേ, 2023 ല്‍ റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ യാന്‍ നീപോംനീഷിയെ തോല്‍പിച്ചാണു ഡിങ് ചാംപ്യനായത്. ചാംപ്യന്റെ എതിരാളിയെ കണ്ടെത്താന്‍ നടത്തിയ, 8 പേര്‍ പങ്കെടുത്ത കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് വിജയിച്ചാണ് ഗുകേഷ് ഡിങ്ങിനെ നേരിട്ടത്.
https://www.facebook.com/Malayalivartha