കരൂരിൽ നടന്ന റാലിയ്ക്കെതിരെ തമിഴ്നാട് പൊലീസ്..മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.. ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ..

തിക്കിലും തിരക്കിലും പെട്ട് 40 പേരുടെ മരണത്തിനിടയാക്കിയ കരൂരിൽ നടന്ന റാലിയ്ക്കെതിരെ തമിഴ്നാട് പൊലീസ്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വം ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ചതായും വൻ റാലിയുമായി മുന്നോട്ട് പോയതായും പോലീസ് പറഞ്ഞു.
കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം.
മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ പറയുന്നു. ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. കല്ലെറിഞ്ഞതിനെ തുടർന്നാണ് തിക്കിലും തിരക്കിലും പെട്ടതെന്ന പാർട്ടിയുടെ വാദത്തെ അഡീഷണൽ ഡയറക്ടർ ജനറൽ
ഓഫ് പോലീസ് (എഡിജിപി) ഡേവിഡ്‌സൺ ദേവാശിർവ്വതം നിഷേധിച്ചു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പരിപാടി വൈകിയെന്നും വിജയ്‌യുടെ മറ്റൊരു റാലി നടക്കാനിരുന്ന നാമക്കലിൽ നിന്നുള്ള ആളുകൾ കരൂരിൽ ഒത്തുകൂടിയതായും ഇത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വലിയ ജനക്കൂട്ടത്തിലേക്ക് നയിച്ചുവെന്നും എഡിജിപി ഡേവിഡ്‌സൺ പത്രസമ്മേളനത്തിൽ പറഞ്ഞു. 12,000 പേരുടെ ഒരു സമ്മേളനത്തിന് അനുമതി തേടിയിട്ടുണ്ടെന്നും അതിനനുസരിച്ച് മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിനു തൊട്ടുപിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം, വിജയ്‌യുടെ റാലി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. കരൂരിലെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെ പാർട്ടിയുടെ പൊതുസമ്മേളനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്തിൽ കണ്ണൻ എന്നയാൾ ഹർജി സമർപ്പിച്ചത്.
https://www.facebook.com/Malayalivartha























