വിജയ്‌യുടെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

ഇന്നലെ കരൂരില്‍ നടന്ന ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്‌യുടെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. റാലിക്കിടെ പരിക്കേറ്റ സെന്തില്‍ കണ്ണനാണ് ഹര്‍ജി നല്‍കിയത്. വിജയ്‌യുടെ റാലിയ്ക്ക് എഡിജിപി അനുമതി നല്‍കരുതെന്നും ഹര്‍ജിയിലുണ്ട്. കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പൊതുജനങ്ങളുടെ സുരക്ഷയിലുള്ള അനാസ്ഥയുമാണ് ദുരന്തത്തിന് വഴിവച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഉത്തരവാദിത്തം ഉറപ്പാക്കിയശേഷം മാത്രമേ ടിവികെ റാലികള്‍ക്ക് വീണ്ടും അനുമതി നല്‍കാവൂ എന്നും പൊതുസുരക്ഷ അപകടത്തിലാകുമ്പോള്‍ ജീവിക്കാനുള്ള അവകാശത്തിന് സംഘം ചേരാനുള്ള അവകാശത്തേക്കാള്‍ മുന്‍ഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് എത്തിയതെന്നും വെറും 500 പൊലീസുകാരെ മാത്രമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നതെന്നും തമിഴ്‌നാട് ഡിജിപി ജി വെങ്കട്ടരാമന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശന്‍ അദ്ധ്യക്ഷയായ കമ്മിഷനാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി നാളെ ഉച്ചയ്ക്ക് പരിഗണിക്കുമെന്നാണ് വിവരം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ടിവികെ സംസ്ഥാന പര്യടനം നിര്‍ത്തിവച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ദുരന്തത്തില്‍ പരിക്കേറ്റ കവിന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അല്‍പം മുന്‍പാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഒമ്പത് കുട്ടികളുമുണ്ട്. 111 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ടിവികെ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനുപിന്നാലെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കള്‍ ഒളിവില്‍ പോയി.
https://www.facebook.com/Malayalivartha























