കരൂര്‍ ദുരന്തത്തില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് എംകെ സ്റ്റാലിന്‍

കരൂര്‍ ദുരന്തത്തില്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇത്തരം സന്ദേശങ്ങളെ അപലപിച്ച അദ്ദേഹം 'വിഭാഗീയവും വിഷലിപ്തവുമായ സന്ദേശങ്ങള്‍' ഒഴിവാക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
കരൂരില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഞായറാഴ്ച സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇന്നലെ വിതരണവും ആരംഭിച്ചു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. കരൂരില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഇന്ന് 41 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 18 സ്ത്രീകളും 13 പുരുഷന്മാരും അഞ്ച് പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
'കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിക്കുന്നത് ഞാന്‍ കണ്ടു. ഇത് വളരെ വേദനാജനകവും നിരുത്തരവാദപരവുമാണ്. ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍, അവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ എന്തുതന്നെയായാലും, നമ്മുടെ തമിഴ് സഹോദരീസഹോദരന്മാരാണ്' സ്റ്റാലിന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതു സംഘടനകള്‍ക്കും ഭാവി പരിപാടികള്‍ കൂടുതല്‍ ഉത്തരവാദിത്തോടെ നടത്തേണ്ട കടമയുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞാല്‍, അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കാന്‍ എല്ലാ പാര്‍ട്ടികളുമായും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























