വിജയ്ക്കെതിരെ കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ആശങ്ക; എഫ്ഐആറിൽ നടനെതിരെ ഗുരുതര ആരോപണങ്ങൾ ; സിബിഐ അന്വേഷണം ഹർജി തള്ളി; ഹേമമാലിനി കൺവീനറായ എൻഡിഎ സംഘം കരൂർ സന്ദർശിക്കും

നടൻ വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സുഗുണ (65) ഇന്നലെ മരിച്ചതോടെ മരണസംഖ്യ 41 ആയി.
ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂർ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂർവം റാലിക്കെത്താൻ നാലുമണിക്കൂർ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ വിജയുടെ അറസ്റ്റ് വൻതിരിച്ചടിയാകുമെന്ന് ഡി.എം.കെ സർക്കാർ ഭയക്കുന്നു. കേസെടുക്കണമെന്നോ അറസ്റ്റു ചെയ്യണമെന്നോ പറയാൻ മറ്റു രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. കാരണം ടി.വി.കെയുമായി സഖ്യംകൂടാൻ കാത്തിരിക്കുന്നവയാണ് അതിൽ പലതും.
ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിയെ സമ്മർദത്തിലാക്കി. എന്നാൽ, ദുരന്തം ഡിഎംകെ നടത്തിയ ആസൂത്രിത അട്ടിമറിയാണെന്ന നിലപാടിലാണ് ടിവികെ. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാർട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വെള്ളിയാഴ്ച പരിഗണിച്ചേക്കും. അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ സ്ഥലം എംഎൽഎയും ഡിഎംകെ നേതാവുമായ മുൻ മന്ത്രി സെന്തിൽ ബാലാജി സ്ഥലത്തെത്തി, അപകടം ഉണ്ടാകും മുൻപേ ആശുപത്രി സജ്ജമാക്കി തുടങ്ങി ഗുരുതര ആരോപണങ്ങളാണു പാർട്ടി ഉന്നയിക്കുന്നത്.
നടൻ കരൂർ സന്ദർശിക്കാൻ അനുമതി തേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സന്ദർശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂർ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയാണ് ആസൂത്രകൻ എന്നും സത്യവങ്മൂലത്തിൽ ആരോപിക്കുന്നു.
ശനിയാഴ്ച കരൂരിൽനടന്ന, വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കരൂർ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂർവം റാലിക്കെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഈ പശ്ചാത്തലത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കാമെന്ന് എം.കെ.സ്റ്റാലിനു നിയമോപദേശം ലഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു.
പൊലീസിന്റെ നിർദേശങ്ങൾ അവഗണിച്ചു തിരക്കുണ്ടാക്കിയതോടെ ഒട്ടേറെപ്പേർ ഇവിടെയും കുഴഞ്ഞു വീണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. 25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. 3 മിനിറ്റു വരെ ശ്വാസം കിട്ടാതായതോടെയാണു പലരും കുഴഞ്ഞുവീണത്. ചിലരുടെ വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളിൽ തുളച്ചു കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കരൂരിൽ ടി വി കെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എൻ ഡി എ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചു. ബിജെപി എംപിയും നടിയുമായ ഹേമമാലിനി കൺവീനറായി എട്ടംഗ സംഘമാണ് കരൂർ സന്ദർശിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആണ് സംഘത്തെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, എംപിമാരായ തേജസ്വി സൂര്യ, ബ്രജ് ലാൽ (മുൻ ഡിജിപി), ശ്രീകാന്ത് ഷിൻഡെ (ശിവസേന), അപരാജിത സാരംഗി, രേഖ ശർമ, പുട്ട മഹേഷ് കുമാർ (ടിഡിപി) എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ സംഭവം അന്വേഷിക്കാൻ വിരമിച്ച ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ തമിഴ്‌നാട് സർക്കാർ ഒരു കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























