സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം അവധി തിരഞ്ഞെടുക്കാം

സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി നയത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ധ്യക്ഷനായി ഇന്നുനടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും വ്യാവസായിക മേഖലയിലും ജോലി ചെയ്യുന്ന വനിതാ തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഒരു ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി നല്‍കുന്നതിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. പുതിയ നയം പ്രഖ്യാപിച്ചതോടെ ആര്‍ത്തവ അവധി നല്‍കുന്ന ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങള്‍ക്കൊപ്പം ഉള്‍പ്പെട്ടിരിക്കുകയാണ് കര്‍ണാടക.
കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയായിരുന്നുവെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. 'വിഷയത്തില്‍ ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ വേണ്ടിവന്നിരുന്നു. സ്ത്രീകള്‍ വളരെയധികം സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. അതിനാല്‍ തന്നെ ഒരു ദിവസത്തെ അവധി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതൊരു പുരോഗമനപരമായ നടപടിയാണ്. സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം അവധി തിരഞ്ഞെടുക്കാം. എന്നാലിത് ദുരുപയോഗം ചെയ്യപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളില്‍ എന്തെങ്കിലും ചേര്‍ക്കപ്പെടേണ്ടതുണ്ടെങ്കില്‍, വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കും' സന്തോഷ് ലാഡ് വ്യക്തമാക്കി.
30 ലക്ഷത്തോളം കോര്‍പ്പറേറ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെ 60 ലക്ഷത്തിലധികം സ്ത്രീകള്‍ സംസ്ഥാനത്ത് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആര്‍ത്തവ അവധി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി ബോധവത്കരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അധികാരികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha