മദ്യപാനത്തിനിടെ 13കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അടിച്ചുകൊന്ന് മൃതദേഹം കുഴിച്ചുമൂടി

മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ 13കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. ഇക്കഴിഞ്ഞ ശനിയാഴ്ച തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. ഇരുഗൂര്‍ സ്വദേശിയായ ആണ്‍കുട്ടിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേര്‍ന്ന് വിജനമായ തോടിന് സമീപം മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ഇവിടെ വച്ച് മൂവരും ചേര്‍ന്ന് മദ്യം കഴിച്ചു. മദ്യലഹരിയിലായിരുന്ന കുട്ടികള്‍ തമ്മില്‍ പെട്ടെന്ന് വാക്കേറ്റമുണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെട്ട കുട്ടി കൈയിലിരുന്ന മദ്യക്കുപ്പി ഉപയോഗിച്ച് കൂട്ടത്തിലുള്ള ഒരാളുടെ തലയ്ക്കടിച്ചു. ഇതോടെ പ്രകോപിതരായ മറ്റ് രണ്ട് കുട്ടികളും ചേര്‍ന്ന് പ്രത്യാക്രമണം നടത്തി. ക്രൂരമായ മര്‍ദ്ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
സുഹൃത്ത് മരിച്ചുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തരായ കുട്ടികള്‍, പിടിയിലാകുമെന്ന ഭയം കൊണ്ട് മൃതദേഹം അവിടെ തന്നെ കുഴിച്ചുമൂടി വീട്ടലേക്ക് മടങ്ങി. രാത്രിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ആശങ്കയിലായ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സുഹൃത്തുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവരികയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടികള്‍ കുറ്റം സമ്മതിച്ചു.
പ്രതികള്‍ കാട്ടിക്കൊടുത്ത സ്ഥലത്തുനിന്നും പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രതികളായ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബാറുകളില്‍ നിന്നോ അല്ലാതെയോ മദ്യം എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha























