ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ 37 കാരനായ ഡോക്ടര്‍ അറസ്റ്റിലായി. വാടക കെട്ടിടത്തില്‍ ആശുപത്രി നടത്തിവരികയായിരുന്ന വിജയ് കുമാര്‍ ഗിരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി സീല്‍ ചെയ്യാനും ഡോക്ടറുടെ ബിരുദം റദ്ദാക്കാനും സംസ്ഥാന ആരോഗ്യ മന്ത്രിയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ ബ്രിജേഷ് പഥക് നിര്‍ദേശം നല്‍കി. പനി ബാധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് 19 വയസ്സുകാരിയായ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന്, പ്രതിയായ ഡോക്ടര്‍ക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. എസ്‌സി–എസ്ടി ആക്ടിലെ വകുപ്പുകളും ചുമത്തി.
പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ആശുപത്രി സീല്‍ ചെയ്തതായും അഡീഷനല്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ട്വിങ്കിള്‍ ജെയിന്‍ പറഞ്ഞു. മെയ് 21നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. ചികിത്സയ്ക്കായി ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററിലേക്കു തന്നെ വിളിച്ചു വരുത്തി. അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















