എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ ടിവികെ എംഎല്‍എ വി എസ് ബാബു അന്തരിച്ചു

തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ വി എസ് ബാബു അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിെ ആരോഗ്യനില വഷളായതിന് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാകുകയും ഉച്ചയ്ക്ക് 2.24ഓടെ മരണം സംഭവിക്കുകയുമായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് വി എസ് ബാബു കൊളത്തൂര്‍ മണ്ഡലത്തിന്റെ എംഎല്‍എ ആയത്.
ശ്വസനസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്, സെപ്തംബര്‍ ഒമ്പത് മുതല്‍ അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് പ്രകാരം, രണ്ട് മാസത്തിലേറെയായി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ടിവികെയില്‍ ചേരുന്നതിന് മുമ്പ് ഡിഎംകെയിലും അണ്ണാ ഡിഎംകെയിലും വി എസ് ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ പുരസവാക്കത്ത് നിന്ന് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. 2011ല്‍ ഡിഎംകെയുടെ നോര്‍ത്ത് ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു കൊളത്തൂരില്‍ എം കെ സ്റ്റാലിന് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രചാരണ സെക്രട്ടറിയായിരുന്നു. എന്നാല്‍, സ്റ്റാലിന് ഭൂരിപക്ഷം കുറഞ്ഞുപോയെന്നാരോപിച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. തുടര്‍ന്ന് അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. പിന്നീട് ടിവികെയില്‍ ചേര്‍ന്ന വി എസ് ബാബു പാര്‍ട്ടിയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
https://www.facebook.com/Malayalivartha

























