ആരുഷി-ഹേംരാജ് വധക്കേസ്; തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം

ആരുഷി-ഹേംരാജ് വധക്കേസില്‍ തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം. കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ രാജേഷ് തല്‍വാറും, നൂപൂര്‍ തല്‍വാറും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഗാസിയാബാദിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി ശ്യാം ലാലാണ് വിധി പ്രസ്‌താവിച്ചത്.
ഡല്‍ഹിക്കടുത്ത് നോയിഡയിലാണ് രാജേഷ് നൂപുര്‍ തല്‍വാര്‍ ഡോക്ടര്‍ ദമ്പതിമാരുടെ ഏകമകള്‍ ആരുഷിയും വീട്ടുജോലിക്കാരന് ഹേംരാജും കൊല്ലപ്പെട്ടത്. 2008 മെയ് 15നും 16നുമാണ് നോയിഡയിലെ ജല്‍വായു വിഹാറിലെ വീട്ടില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നിരവധി വഴിത്തിരിവുകളിലൂടെ കടന്നുപോയ കേസ് ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യുമാണ് അന്വേഷിച്ചത്. ആരുഷിയെയും ഹേംരാജിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് രാജേഷ് കൊലപ്പെടുത്തിയെന്നും ഇതിന് നൂപുര്‍ കൂട്ടു നിന്നെന്നുമാണു കേസ്.
ദുരഭിമാനക്കൊലയാണ് നടന്നത്. കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാല്‍ കുറ്റങ്ങള്‍ തല്‍വാര്‍ ദമ്പതികള്‍ നേരത്തെ മുതല്‍ നിഷേധിച്ചുവരികയാണ്. നേരിട്ടുള്ള തെളിവുകളുടെ അഭാവത്തില്‍ സാഹചര്യത്തെളിവുകളെ ആശ്രയിച്ചാണ് സി.ബി.ഐ തല്‍വാര്‍ ദമ്പതികള്‍ തന്നെയാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തിലെത്തിയത്.
https://www.facebook.com/Malayalivartha