ഡല്‍ഹി കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീണ്ടും സുപ്രീംകോടതിയില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപെട്ടാണ് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതിയെ മറ്റുപ്രതികളെ വിചാരണ നടത്തിയതു പോലെ ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അഭിഭാഷകന്‍ അമന്‍ ഹിങ്കോരാനി വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പരമാവധി മൂന്നു വര്‍ഷം തടവ് ശിക്ഷയാണ് ജുവനൈല്‍ ബോര്‍ഡ് വിധിക്കുന്ന പരമാവധി ശിക്ഷ.
എന്നാല്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ പൈശാചിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതിക്ക് ജുവനൈല്‍ നിയമത്തിന്റെ ഇളവ് നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധി തിരുത്തി പ്രതിയെ ക്രിമിനല്‍ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്‌ട്ര വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഇന്ത്യയില്‍ ജുനൈല്‍ ജസ്റ്റിസ് ആക്‌ട് രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ക്രിമിനല്‍ കോടതിയുടെ അധികാരത്തെ മറികടക്കാന്‍ ജുവനൈല്‍ നിയമത്തിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ സംഭവം നടന്നത്. കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലാന്‍ പ്രത്യേക അതിവേഗ കോടതി വിധിച്ചിരുന്നു. ഒന്‍പതുമാസത്തെ വിചാരണയ്‌ക്കൊടുവില്‍ സെപ്‌തംബര്‍ 13നായിരുന്നു വിധി. വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്‌ത, മുകേഷ് സിംഗ് എന്നിവരെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. പ്രതികളിലൊരാളായ രാം സിംഗ് വിചാരണയ്‌ക്കിടെ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കുകയായിരുന്നു.
ഹര്‍ജി ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്‌ച പരിഗണിക്കും
https://www.facebook.com/Malayalivartha