മല്യക്കു പിന്നാലെ ജതിന്‍ മേത്ത 6700 കോടി വെട്ടിച്ച് രാജ്യം വിട്ടു

കടമെടുത്ത് ബാങ്കുകളെ കബളിപ്പിച്ച് നാടുവിടുന്നവരുടെ എണ്ണം കുടുന്നു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം 9000 കോടി വായ്പയെടുത്ത് സര്‍ക്കാറിനെ കബളിപ്പിച്ച് രാജ്യം വിട്ട വിജയ് മല്യയുടേതിന് സമാനമായ വന്‍ വെട്ടിപ്പിന്റെ മറ്റൊരു സംഭവംകൂടി വെളിച്ചത്തേക്ക്. ബാങ്കുകളുടെ കണ്‍സോര്‍ട്യത്തില്‍ നിന്ന് 6700 കോടിയുടെ വെട്ടിപ്പ് നടത്തി ഇത്തവണ മുങ്ങിയിരിക്കുന്നത് ഗുജറാത്തിലെ വജ്രവ്യാപാരി ജതിന്‍ മേത്തയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ ബന്ധുവും ഗുജറാത്ത് വ്യവസായ മുന്നേറ്റത്തിന്റെ മുന്‍നിരക്കാരനായി വാഴ്ത്തപ്പെടുകയും ചെയ്ത, വിന്‍സം ഡയമണ്ട്‌സ് കമ്പനി മേധാവിയാണ് ജതിന്‍ മേത്ത. ഭാര്യ സോണിയക്കൊപ്പം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചാണ് ഇദ്ദേഹം രാജ്യം വിട്ടിരിക്കുന്നത്.
പണം നിക്ഷേപിക്കുന്നതിനു പകരം പൗരത്വം നല്‍കുന്ന കരീബിയന്‍ ദ്വീപിലെ സെന്റ് കിറ്റ്‌സ് നെവിസ് ദ്വീപില്‍ മേത്ത പൗരത്വം നേടിയതായാണ് വാര്‍ത്ത. നികുതിവെട്ടിച്ച പണം നിക്ഷേപിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും പേരുകേട്ട ഈ രാജ്യവുമായി ഉടമ്പടികളില്ലാത്തതിനാല്‍ ഇവരെ രാജ്യത്തേക്ക് തിരിച്ചത്തെിക്കലും പണം തിരിച്ചുപിടിക്കലും ഇന്ത്യക്ക് ദുഷ്‌കരമാവും. നിലവില്‍ ഷാര്‍ജയില്‍ താമസിക്കുന്ന മേത്ത സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ നേതൃത്വത്തിലെ കണ്‍സോര്‍ട്യത്തിന് 4680 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ നേതൃത്വത്തിലെ മറ്റൊരു കൂട്ടായ്മക്ക് 2121 കോടിയുമാണ് വായ്പാ കുടിശ്ശിക വരുത്തിയത്.
സ്വര്‍ണവജ്ര വ്യാപാരമാണ് ഇയാള്‍ നടത്തിയിരുന്നത്. യു.എ.ഇയിലെ തന്റെ വിതരണക്കാര്‍ നഷ്ടം നേരിട്ട് പൂട്ടിപ്പോയതിനാല്‍ പണം നല്‍കിയില്‌ളെന്നും അതിനാല്‍ വായ്പകള്‍ തിരിച്ചടക്കാനായില്‌ളെന്നുമാണ് മത്തേ ബാങ്കുകള്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍, യു.എ.ഇയിലെ വിതരണക്കാരുടെ നഷ്ടവും പൂട്ടിപ്പോകലും സംശയാസ്പദമാണ്. ഇയാളുടെ 172 കോടിയുടെ സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടാന്‍ തീരുമാനിച്ചിരുന്നു. 2013 മുതലാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. ബാങ്കുകള്‍ നോട്ടീസ് അയച്ചിട്ടും തിരിച്ചടക്കാതായതോടെ തുക കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















