മദ്യലഹരിയില്‍ 21കാരനായ യുവാവ് ഓടിച്ച കാറിടിച്ച് പ്രഭാത സവാരിക്കാരായ രണ്ടുപേര്‍ മരിച്ചു

ഡല്‍ഹിയില്‍ മദ്യലഹരിയില്‍ അമിത വേഗതയില്‍ 21കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കാറോടിച്ച റിഷഭ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യസല്‍കാരത്തില്‍ പങ്കെടുത്ത ശേഷം റിഷഭ് പിതാവിന്റെ ഹോണ്ട സിറ്റി കാര്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാണ് അപകടങ്ങളുണ്ടാക്കിയത്. 1.5 കിലോമീറ്റര്‍ പരിധിക്കുളളില്‍ രണ്ടു പേരെ ഇടിച്ച് കൊലപ്പെടുത്തുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ഡല്‍ഹി ജനക്പുരിയിലാണ് സംഭവം.
പുലര്‍ച്ചെ നടക്കാനിറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരനായ കാമേശ്വര്‍ പ്രസാദിനെയാണ് കാര്‍ ആദ്യം ഇടിച്ചു വീഴ്ത്തിയത്. വാഹനത്തില്‍ കുടുങ്ങിയ പ്രസാദിനെ മീറ്ററുകളോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു. പിന്നീട് നിര്‍ത്താതെ പോയ റിഷഭ് കാര്‍ വൃത്തിയാക്കിക്കൊണ്ടിരുന്ന 40കാരനായ സന്തോഷിനെ ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് ട്രാഫിക്ക് തെറ്റിച്ച് വാഹനം ഓടിച്ചു പോയി 67കാരനായ അശ്വനി ആനന്ദിനെയും ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ പൊലീസ് പെട്രോളിങ് സംഘം പിന്തുടര്‍ന്നാണ് പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തത്. പ്രതി എഴുന്നേറ്റ് നില്‍ക്കാനാവാത്ത അവസ്ഥയിലായിരുന്നെന്നും വാഹനത്തില്‍ നിന്ന് മദ്യം കണ്ടെടുത്തതായും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പുഷ്‌പേന്ദ്ര കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രമുഖ ബിസിനസുകാരന്റെ മകനായ റിഷഭ് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളജില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















