ജമ്മു കാഷ്മീര്‍ ഭീകരാക്രമണം: ഒരു സബ് ഇന്‍സ്‌പെക്ടറും ഏഴു സിആര്‍പിഎഫ് ജവാന്മാരും കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരില്‍ പുല്‍വാമ ജില്ലയിലെ പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറും ഏഴു സിആര്‍പിഎഫ് ജവാന്മാരും കൊല്ലപ്പെട്ടു. 28 സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. രണ്ടു ഭീകരര്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായാണു വിവരം. ഇന്നലെ വൈകുന്നേരം 5.50നായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ- തൊയ്ബ ഏറ്റെടുത്തു. ലാത്‌പോരയില്‍ പരിശീലനം കഴിഞ്ഞു ശ്രീനഗറിലേക്കു മടങ്ങുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ് പരിശീലനത്തിനുശേഷം സൈനിക കേന്ദ്രത്തിലേക്കു മടങ്ങുകയായിരുന്ന ജവാന്മാര്‍ സഞ്ചരിച്ച ആറു ബസുകളില്‍ മൂന്നെണ്ണത്തിനു നേരേയാണു ഭീകരാക്രമണം ഉണ്ടായത്. കാറില്‍ എത്തിയ ഭീകരര്‍ സൈനിക വാഹനത്തിനുനേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ജവാന്മാരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















