അമ്മ പുറത്താക്കിയ അനുപ്രിയയെ മോദി മന്ത്രിയാക്കി

പാര്‍ട്ടിയില്‍ നിന്ന് സ്വന്തം അമ്മ പുറത്താക്കിയ വനിതാ എം.പി.ക്ക് മോദിസര്‍ക്കാരില്‍ മന്ത്രി പദം. കേന്ദ്രത്തിലെ പുതിയ മന്ത്രിമാരിലൊരാളായ യുവ എം.പി. അനുപ്രിയ പട്ടേലിനെ, കഴിഞ്ഞ കൊല്ലമാണ് അപ്‌നദളില്‍ നിന്ന് പാര്‍ട്ടി നേതാവുകൂടിയായ അമ്മ കൃഷ്ണ പട്ടേല്‍ പുറത്താക്കിയത്. യു.പി.യില്‍ അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കുന്ന ബി.ജെ.പി., മിര്‍സാപൂരില്‍ നിന്നുള്ള ഈ 35കാരിയെ മന്ത്രിയാക്കുകവഴി കുര്‍മി സമുദായവോട്ട് കൂടി ലക്ഷ്യമിടുന്നു.
അപ്‌നദളിന്റെ സ്ഥാപകനേതാവും അനുപ്രിയയുടെ അച്ഛനുമായ സോനേ ലാല്‍ 2009ല്‍ വാഹനാപകടത്തില്‍ മരിച്ചു. പിന്നീട് നേതൃസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്ന അമ്മയും മകളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. ഇതിനിടെ കഴിഞ്ഞ കൊല്ലം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അനുപ്രിയയെ ആറു വര്‍ഷത്തേക്ക് അമ്മ കൃഷ്ണ പട്ടേല്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് പാര്‍ട്ടിയിലെ അംഗങ്ങള്‍ രണ്ടുചേരിയാകുകയും ഇരുകൂട്ടരും അവരാണ് ഔദ്യോഗികപാര്‍ട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2012ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പിലൂടെ കന്നിവിജയം കുറിച്ച അനുപ്രിയ തുടര്‍ന്നുവന്ന ലോകസഭ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. ലോകസഭയില്‍ അപ്‌നദളിന് രണ്ട് അംഗങ്ങളാണുള്ളത്. ഇതില്‍ ഹരിബന്‍ഷ് സിങ് എം.പി. കൃഷ്ണപട്ടേല്‍ പക്ഷക്കാരനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















