ഏഴു വയസ്സുകാരന്റെ തൊഴിയേറ്റ് ആറു വയസ്സുകാരന്‍ മരിച്ചു

ഏഴു വയസ്സുകാരന്റെ തൊഴിയേറ്റ് ആറു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ അടിപിടയിലാണ് സംഭവം നടക്കുന്നത്. ഹൈദരാബാദ് അപ് മാര്‍ക്കറ്റ് ഏരിയയിലെ ഐഎഎസ് കോളനിക്ക് സമീപമുള്ള പ്രോമിസിംഗ് സ്‌കോളേഴ്‌സ് സ്‌കൂളില്‍ നടന്ന സംഭവത്തില്‍ ഒന്നാം കഌസ്സ് വിദ്യാര്‍ത്ഥിയായ മൊഹമ്മദ് ഇബ്രാഹീമാണ് ഗുരുതരമായ പരിക്കേറ്റ് മരണമടഞ്ഞത്.
ഇതേ സ്‌കൂളില്‍ തന്നെ പഠിക്കുന്ന മൂന്നാം കഌസ്സുകാരനുമായുള്ള അടിപിടിയാണ് മരണത്തില്‍ കലാശിച്ചത്. ജൂലൈ 12 ന് നടന്ന സംഭവത്തില്‍ മുഹമ്മദ് ഇബ്രാഹീമിന്റെ വയറ്റില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥി തൊഴിച്ചതിന് തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരു ദിവസം അവിടെ കിടന്ന ശേഷം ഇന്നലെ മരിക്കുകയുമായിരുന്നു. പരിക്കേറ്റ മുഹമ്മദിന് രണ്ടു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ക്ക് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നില്ല.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ മൊഹമ്മദിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടിക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടി ആയതിനാല്‍ സ്‌കൂളിന്റെ അനാസ്ഥയ്‌ക്കെതിരേയും അന്വേഷണം നടത്തണമോ എന്നത് വിദഗ്ദ്ധ നിര്‍ദേശം അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ നിലയിലായിരുന്നു കുട്ടികള്‍ തമ്മില്‍ പോരാട്ടം നടന്നത്. സംഭവത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നെങ്കിലും ഏറ്റവും താഴെ ഗ്രൗണ്ട്ഫ്‌ളോറിലായിരുന്നെന്നാണ് സ്‌കൂളിന്റെ കെയര്‍ടേക്കര്‍ മഹേശ്വരി പറയുന്നത്.
https://www.facebook.com/Malayalivartha





















