രാജീവ് ഗാന്ധി വധക്കേസ് : പ്ര:തി നളിനിയുടെ ഹര്‍ജി തള്ളി, മോചന തീരുമാനമെടുക്കേണ്ടത് സംസ്ഥാന ആഭ്യന്തര സെക്രട്ടറി

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ജയില്‍ മോചനം തേടി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നു ജസ്റ്റിസ് എം.സത്യനാരായണന്‍ ചൂണ്ടിക്കാട്ടി. 20 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കാന്‍ വ്യവസ്ഥയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നളിനിയുടെ ഹര്‍ജി.
ഭരണഘടന 161ാം വകുപ്പുപ്രകാരം തടവുകാര്‍ക്കു മാപ്പുനല്‍കി ശിക്ഷാ കാലാവധി അവസാനിക്കുന്നതിനു മുന്‍പു വിട്ടയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. 20 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് ഇത്തരത്തില്‍ മോചനത്തിനു പരിഗണിക്കുന്നത്. താന്‍ ഇതിനകം 25 വര്‍ഷം ശിക്ഷ അനുഭവിച്ചെന്നും നളിനി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിവിധിക്കു വിധേയമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു തീരുമാനമെടുക്കാവുന്നതേയുള്ളൂവെന്നു നിരീക്ഷിച്ചാണു ഹൈക്കോടതി ഹര്‍ജി തള്ളിയത്. വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു കിട്ടിയ നളിനി അടക്കം നാലുപേരെയും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മറ്റു മൂന്നുപേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനാല്‍ അതു നടന്നില്ല. ഈ കേസ് നിലനില്‍ക്കുന്നതിനാലാണു വിഷയത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























