ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാത ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാത ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനായി സമര്‍പ്പിച്ചു. ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ നിര്‍മ്മിച്ച് പത്ത് കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപാത തുരങ്കമാണ് ചെനാനിനഷ്‌റി ടണല്‍.
ജമ്മു കശ്മീര്‍ പാതയിലെ യാത്രാ സമയം രണ്ട് മണിക്കൂര്‍ കുറയ്ക്കാന്‍ തുരങ്കം കാരണമാകും. തുരങ്കപാത ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ പ്രതിദിനം 27 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്ക്. വര്‍ഷത്തില്‍ 99 കോടിയുടെ ഇന്ധനം ലാഭിക്കാന്‍ സാധിക്കും.
സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമായാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന പാതയില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ ഉപയോഗിക്കുന്നതിനാണ് സമാന്തര പാത നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ എട്ട് മീറ്ററിലും ശുദ്ധവായു ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും പാതയിലുണ്ട്. നിരവധി നിരീക്ഷണ ക്യാമറകളും 150 മീറ്റര്‍ ഇടവിട്ട് ഫോണ്‍ വിളിക്കാനുള്ള സൗകര്യവുമുണ്ട്.

ജമ്മുവിനും ശ്രീനഗറിനും ഇടയ്ക്ക് ദേശീയപാത 44ല്‍ ഉദംപൂരിനും റംബാനും ഇടയ്ക്കാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് സംയോജിത ടണല്‍ നിയന്ത്രണ സംവിധാനം, 9 കിലോമീറ്റര്‍ നീളത്തില്‍ സമാന്തര സുരക്ഷാ ടണല്‍, അപകടങ്ങള്‍, അഗ്‌നിബാധ, വൈദ്യുതി മുടക്കം തുടങ്ങിയവ അറിയാന്‍ ഓട്ടോമാറ്റിക് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ടണലിലുണ്ട്.

ജമ്മു-ശ്രീനഗര്‍ യാത്രയില്‍ 41 കിലോമീറ്റര്‍ കുറയാന്‍ തുരങ്കം കാരണമാകും. ഇന്ധന ചെലവില്‍ പ്രതിദിനം 27 ലക്ഷം രൂപ ലാഭവും ഗതാഗതക്കുരുക്കിന് പരിഹാരവുമാകും. 2519 കോടി രൂപ ചെലവഴിച്ച് നാല് വര്‍ഷം കൊണ്ടാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനായിരുന്നു നിര്‍മ്മാണ ചുമതല നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha
























