സമാജ്‌വാദി പാര്‍ട്ടി വിട്ട് ശിവ്പാല്‍ യാദവ്; ഇനി സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ചയുമായി മുന്നോട്ട്; പാര്‍ട്ടി അധ്യക്ഷന്‍ മുലായമാണെന്ന് പ്രഖ്യാപനം

സമാജ്‌വാദി പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുമായി ശിവ്പാല്‍ യാദവ്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അനന്തരവന്‍ അഖിലേഷ് യാദവുമായി തെറ്റിപ്പിരിഞ്ഞാണ് സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ചയ്ക്ക് ശിവ്പാല്‍ യാദവ് രൂപം കൊടുത്തത്. സഹോദരന്‍ മുലായം സിങ് യാദവാണ് പാര്‍ട്ടി അധ്യക്ഷനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മുലായവും മകന്‍ അഖിലേഷുമായി നിലനില്‍ക്കുന്ന ഭിന്നതയാണ് പാര്‍ട്ടി രൂപീകരണത്തിന് പിന്നിലെന്നാണ് ശിവ്പാലിന്റെ അവകാശവാദം. 1992ല്‍ മുലായം സിങ് യാദവാണ് സമാജ്‌വാദി പാര്‍ട്ടി രൂപീകരിച്ചത്. അധ്യക്ഷ സ്ഥാനത്ത് എല്ലാം നിയന്ത്രിച്ചിരുന്ന മുലായത്തിനെ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോള്‍ മൂലയ്ക്കിരുത്തിയെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ പാര്‍ട്ടി പിടിച്ചെടുത്ത് അധ്യക്ഷനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു അഖിലേഷ്.
സഹോദരന്റെ പാര്‍ട്ടി പ്രഖ്യാപനത്തെ കുറിച്ച് മുലായം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേതാജിക്ക് അദ്ദേഹത്തിന്റെ ആദരം തിരികെ കിട്ടാനാണ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും ഉടന്‍ മുന്നണി സാധ്യമാക്കുമെന്നും ശിവ്പാല്‍ യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ ജനുവരിയില്‍ പിളര്‍പ്പിലേക്കെത്തിയ സമാജ്‌വാദി പാര്‍ട്ടി മാര്‍ച്ചിലെ തെരഞ്ഞെടുപ്പിന് വേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലക്‌നൗവില്‍ അസാധാരണ പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്ത് സ്വയം അധ്യക്ഷനായി അഖിലേഷ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാര്‍ട്ടിക്കും പാര്‍ട്ടി ചിഹ്നത്തിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇരു വിഭാഗവും സമീപിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അഖിലേഷിന്റെ പിടിയിലൊതുങ്ങിയതോടെ മെരുങ്ങാന്‍ മുലായം നിര്‍ബന്ധിതനായി. വേറെ പാര്‍ട്ടി വേണ്ടെന്ന് തീരുമാനിച്ച് മകനൊപ്പം തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്തിറങ്ങി. പിന്നാലെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ അഖിലേഷിന്റെ തീരുമാനത്തിനെതിരെ മുലായം കലഹിച്ചു. പക്ഷേ പുതിയ പാര്‍ട്ടി ഇനി ഉണ്ടാക്കില്ലെന്ന് അന്നും എസ്പിയുടെ കാരണവര്‍ ആവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha

























