ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് യുപിയിലെ ആശുപത്രിയില്‍ നിരവധി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 മരണം, ആരോപണം നിഷേധിച്ചു സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 60 മരണമെന്നു റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖരഖ്പൂരിലെ ആശുപത്രിയാണിത്. 48 മണിക്കൂറിനിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് (ബിആര്‍ഡി) ആശുപത്രിയില്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചെന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തേലയാണ് സ്ഥിരീകരിച്ചത്.
ഇതിനുപിന്നാലെ അഞ്ചു ദിവസത്തിനിടെ 60 മരണമുണ്ടായതായി കാട്ടി ആശുപത്രിയുടെ പേരില്‍ പത്രക്കുറിപ്പും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. അഞ്ചു ദിവസത്തിനിടെ (തിങ്കള്‍ മുതല്‍ വെള്ളിവരെ) മരിച്ചവരുടെ എണ്ണം 60 ആണെന്നാണ് ഈ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. ഓക്‌സിജന്റെ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, എന്താണ് ഇത്രയധികം മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നില്ല.
30 പേരില്‍ 17 മരണം നവജാതശിശുക്കളുടെ വാര്‍ഡിലും അഞ്ചു പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വാര്‍ഡിലും എട്ടുപേര്‍ ജനറല്‍ വാര്‍ഡിലുമാണ് മരിച്ചതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍, പത്രക്കുറിപ്പില്‍ വിശദീകരിക്കുന്ന അറുപതില്‍ മറ്റു മുപ്പതു പേരുടെ പ്രായവിവരം വ്യക്തമല്ല. ഓക്‌സിജന്‍ തീര്‍ന്നതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

എന്നാല്‍, ഇക്കാര്യം ആശുപത്രി അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഭീമമായ തുക കുടിശികയുള്ളതു കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 66 ലക്ഷം രൂപയാണ് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് നല്‍കാനുണ്ടായിരുന്നത്. ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് ഇവര്‍ നേരത്തെ ആശുപത്രി അധികൃതര്‍ക്കു മുന്നറിയിപ്പു നല്‍കിയെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ മജിസ്‌ട്രേറ്റുതല അന്വേഷണ കമ്മിഷനെ നിയോഗിച്ചുവെന്നും ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഏഴു കുട്ടികളുടെ മരണം വ്യാഴാഴ്ച രാത്രി മുതലാണ് ഉണ്ടായത്. 23 പേരുടെ മരണം 9-10 തിയതികളിലാണ് ഉണ്ടായതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
നിഷേധിച്ച് സര്‍ക്കാര്‍
കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ ലഭ്യതക്കുറവുമൂലമാണെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് ഭീമമായ തുക നല്‍കാനുണ്ടെന്നു സ്ഥിരീകരിച്ച അധികൃതര്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയെന്നും വ്യക്തമാക്കി. 30 കുട്ടികള്‍ മരിച്ചെന്ന മാധ്യമറിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു. ഏഴു കുട്ടികള്‍ മാത്രമാണ് മരിച്ചെന്നും അവര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























