സോണിയഗാന്ധി വിളിച്ച പ്രതിപക്ഷ യോഗം ;പങ്കെടുക്കാതെ എൻസിപി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്നു ശരദ് പവാറും എൻസിപിയും വിട്ടു നിന്നു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ പവാറും പാർട്ടിയും വഞ്ചന കാട്ടിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു പിന്നാലെയാണ് എൻസിപി പ്രതിപക്ഷ യോഗത്തിൽനിന്നു വിട്ടു നിന്നത്. യോഗത്തിൽ പ്രതിനിധിയെ അയക്കുമെന്ന് പവാർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് എൻസിപി യോഗം ബഹിഷ്കരിക്കുകയാണെന്ന് പാർട്ടി നേതാവ് പ്രഫുൽ പട്ടേൽ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആരോപണങ്ങൾ തങ്ങളെ വിഷമിപ്പിച്ചെന്ന സന്ദേശമാണ് എൻസിപി നേതാക്കൾ പങ്കു വച്ചത്. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യേണ്ടിയിരുന്ന രണ്ട് എൻസിപി എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തെന്നാണ് ആരോപണം.
എന്നാൽ, അനാരോഗ്യം മൂലമാണ് പവാർ യോഗത്തിൽ നിന്നു വിട്ടു നിന്നതെന്നാണു കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കൾ വ്യക്തമാക്കിയത്. ഇക്കാര്യം ശരദ് പവാർ ഫോണിൽ വ്യക്തമാക്കിയിരുന്നെന്നും അവർ പറയുന്നു. ബിജെപിക്കെതിരേ പാർലമെന്റിന് അകത്തും പുറത്തും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചാണ് ഇന്നത്തെ പ്രതിപക്ഷ യോഗത്തിൽ ചർച്ച ചെയ്തത്. അതിനു പുറമേ 27ന് പറ്റ്നയിൽ നടക്കുന്ന ലാലു പ്രസാദ് യാദവിന്റെ മഹാറാലിയെ സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. പ്രധാനമായും മോദി സർക്കാരിനെതിരേ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചായിരുന്നു ചർച്ച.
https://www.facebook.com/Malayalivartha


























