തമിഴ്‌നാട്ടില്‍ ദിനകരന്‍ രണ്ടും കല്‍പിച്ചിറങ്ങിയാല്‍ തമിഴ്‌നാട്ടിലെ എടപ്പാടി സര്‍ക്കാര്‍ വീഴും; ഇരുപതോളം എംഎല്‍എമാര്‍ ദിനകരനൊപ്പമുണ്ടെന്നാണു സൂചന

അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങള്‍ക്കും അനഭിമതനായെങ്കിലും ടി.ടി.വി.ദിനകരന്‍ രണ്ടും കല്‍പിച്ചിറങ്ങിയാല്‍ തമിഴ്‌നാട്ടിലെ എടപ്പാടി പളനിസാമി സര്‍ക്കാരിന്റെ ഭാവി തുലാസിലാകും. ഇരുപതോളം എംഎല്‍എമാര്‍ ദിനകരനൊപ്പമുണ്ടെന്നാണു സൂചന. ഇവര്‍ പാലംവലിച്ചാല്‍ പളനിസാമി-പനീര്‍സെല്‍വം ലയനത്തിനും സര്‍ക്കാരിനെ രക്ഷിക്കാനാകില്ല. എംജിആര്‍ ജന്മശതാബ്ദി ആഘോഷത്തിനു ദിനകരന്‍ പ്രഖ്യാപിച്ച സംസ്ഥാന പര്യടനം നാളെ മധുരയിലെ മേലൂരില്‍ തുടങ്ങുമ്പോള്‍ എത്ര എംഎല്‍എമാര്‍ പങ്കെടുക്കുമെന്നതു നിര്‍ണായകമാകും. എംജിആര്‍, ജയലളിത, ശശികല എന്നിവര്‍ക്കൊപ്പം ദിനകരന്റെ മാത്രം ചിത്രമുള്‍പ്പെടുത്തിയുള്ള പരസ്യം ഇന്നലെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
പാര്‍ട്ടിയിലെ ഭൂരിഭാഗവും തള്ളിപ്പറഞ്ഞിട്ടും ദിനകരന്‍ പ്രബലനായി തുടരാനുള്ള കാരണങ്ങള്‍ ഇവയാണ്; സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രം എംഎല്‍എമാര്‍ ഇപ്പോഴും ഒപ്പമുണ്ട്, പാര്‍ട്ടി സാമ്പത്തിക സ്രോതസ്സുകളുടെ കടിഞ്ഞാണ്‍ ഇപ്പോഴും ശശികല കുടുംബത്തിന്റെ കയ്യിലാണ്, ദിനകരനും ശശികലയുടെ സഹോദരന്‍ ദിവാകരനും അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നതോടെ മന്നാര്‍ഗുഡി സംഘം ഒറ്റക്കെട്ടായി. ദിനകരനൊപ്പമുള്ള എംഎല്‍എമാരുടെ കൃത്യമായ കണക്കു വ്യക്തമല്ല. കഴിഞ്ഞയാഴ്ച ഏകപക്ഷീയമായി പ്രഖ്യാപിച്ച പാര്‍ട്ടി ഭാരവാഹിപ്പട്ടികയില്‍ 20 പേരുണ്ടായിരുന്നു. ഇതില്‍ രണ്ടു പേര്‍ മാത്രമാണു പദവി നിരസിച്ചത്. ശേഷിക്കുന്നതു 18 എംഎല്‍എമാര്‍.
പളനിസാമിക്കു കീഴില്‍ ഗൗണ്ടര്‍ വിഭാഗത്തിന്റെ സമഗ്രാധിപത്യമാണെന്ന അതൃപ്തി മുതലെടുത്തു കൂടുതല്‍ പേരെ അടര്‍ത്തിമാറ്റാനും ശ്രമം നടക്കുന്നു. ദിനകരനും പനീര്‍സെല്‍വവും തേവര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ ജാതിസമവാക്യങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും നിര്‍ണായകമാകും.
https://www.facebook.com/Malayalivartha


























