കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ വന്ദേമാതരം പാടിക്കുന്നതു നാണക്കേട്: കനയ്യ

രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുമ്പോള്‍ എല്ലാവരും വന്ദേമാതരം ആലപിക്കണമെന്നു പറയുന്നതു ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തുമെന്നു ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. വന്ദേമാതരം ആലപിക്കാത്തതല്ല ഇന്ത്യയിലെ പ്രശ്നം. കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കള്ളപ്രചാരണങ്ങളിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കനയ്യ കുറ്റപ്പെടുത്തി. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും തന്നെ വന്ദേമാതരവും ഭാരത് മാതാ കീ ജയ്‌യും ചൊല്ലണമെന്ന, ബിജെപി നേതാവും മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിന്റെ പ്രസ്താവന വിവാദമായിരുന്നു. ഷിർഡിയിൽ സായ്ബാബ ക്ഷേത്ര ദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പാട്ടീൽ ഈ ആവശ്യം ഉന്നയിച്ചത്.
തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ചുവടു പിടിച്ച് സമാന ആവശ്യവുമായി മറ്റൊരു ബിജെപി എംഎൽഎയും രംഗത്തെത്തിയിരുന്നു. പൊതുപരിപാടികൾ തുടങ്ങുന്നതിനു മുൻപ് വന്ദേമാതരവും തീരുമ്പോൾ ജനഗണമനയും ആലപിക്കണമെന്നു നിർദേശിച്ച് നയം രൂപീകരിക്കണമെന്നാണ് ബിജെപിയുടെ നിയമസഭാ ചീഫ് വിപ്പ് കൂടിയായ രാജ് പുരോഹിതിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























