ശ്രീകൃഷ്ണ ജയന്തി ഗംഭീരമായി ആഘോഷിക്കാന്‍ പൊലീസ് മേധാവിക്ക് യോഗിയുടെ നിര്‍ദേശം

ഒരു ദുരന്തമുണ്ടായാല്‍ ഏതൊരു നാട്ടിലും സാധാരണഗതിയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കാറുണ്ട്. ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ ആഘോഷങ്ങളുടെ പകിട്ട് കുറക്കാന്‍ സര്‍ക്കാര്‍ തന്നെ ഉത്തരവിടും. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഒരാഴ്ചക്കിടെ അധികൃതരുടെയും ഭരണാധികാരികളുടെയും ക്രിമിനല്‍ അലംഭാവം മൂലം പൊലിഞ്ഞത് 74 കുരുന്നു ജീവനുകളാണ്.
ഇന്ന് മൂന്നു കുട്ടികള്‍ കൂടി ഇവിടെ മരണത്തിലേക്ക് വഴുതി വീണു. ഈ കൂട്ടക്കുരുതിയില്‍ ആശുപത്രി ജീവനക്കാരെയും ജീവന്‍ രക്ഷിക്കാന്‍ പരക്കംപാഞ്ഞ ഡോക്ടറെയും പഴി ചാരി രക്ഷപെടാന്‍ ഊര്‍ജിതനീക്കം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് പൊലിഞ്ഞുവീണ കുഞ്ഞുങ്ങളുടെ അമ്മമാരുടെ തോരാത്ത കണ്ണീര്‍ സൌകര്യപൂര്‍വം കണ്ടില്ലെന്ന് നടിക്കാനും കഴിയും. അതുകൊണ്ടാകും ദുരന്തത്തിന്‍റെ നടുക്കം വിട്ടുമാറും മുമ്പ് ശ്രീകൃഷ്ണ ജയന്തി ഗംഭീരമായി ആഘോഷിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. സംസ്ഥാനം മുഴുവന്‍ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സുല്‍ഖാന്‍ സിങിന് യോഗി നിര്‍ദേശം നല്‍കി. ശ്രീ കൃഷ്ണ ജയന്തി പ്രധാനപ്പെട്ട ഉത്സവമാണെന്നും അത് പരമ്പരാഗത രീതിയില്‍ ഗംഭീരമായി കൊണ്ടാടാന്‍ പൊലീസ് മുന്‍കൈ എടുക്കണമെന്നാണ് യോഗി നല്‍കിയ കത്തിലെ നിര്‍ദേശം.
ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാണവായു കിട്ടാതെ 60 ഓളം നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ പ്രാണന്‍ വെടിഞ്ഞ് രണ്ടു ദിവസത്തിനകമാണ് യോഗി ഈ കത്ത് പൊലീസ് മേധാവിക്ക് കൈമാറിയതെന്നത് ശ്രദ്ധേയമാണ്. സ്വന്തം കുഞ്ഞുങ്ങളെ നഷ്ടമായ ആ അമ്മമാരുടെ കണ്ണീരിനെങ്കിലും യോഗി വില കല്‍പ്പിക്കണമായിരുന്നുവെന്ന വിമര്‍ശം ഇതോടെ ശക്തമായി.
https://www.facebook.com/Malayalivartha

























