ഐആർഎൻഎസ്എസ്-1 എച്ച് വിക്ഷേപണം പരാജയം

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ഉപഗ്രഹത്തിന്റെ ഹീറ്റ് ഷീൽഡ് വേർപെടുന്നതിൽ സംഭവിച്ച പാളിച്ചയാണ് 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണ പരാജയത്തിലേക്കു നയിച്ചതെന്ന് ഐഎസ്ആർഒ തലവൻ എ.എസ്.കിരണ്‍കുമാർ അറിയിച്ചു.
പ്രതിരോധ ഉപകരണങ്ങളുടെ വിതരണക്കാരായ ആൽഫ ഡിസൈൻ ടെക്നോളജീസാണ് ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമിക്കപ്പെടുന്ന ആദ്യ ഉപഗ്രഹമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു പിഎസ്എൽവി- സി 39 റോക്കറ്റുപയോഗിച്ച് വ്യാഴാഴ്ച വൈകിട്ട് 6.59നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് അറ്റോമിക് ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1425 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കാൻ ഐഎസ്ആർഒ തയാറായത്.
അറ്റോമിക് ക്ലോക്കുകൾ തകരാറിലായതോടെ നാവിക് ഉപയോഗിച്ചുള്ള സ്ഥാനനിർണയം കഴിഞ്ഞ ജനുവരി മുതൽ ഐഎസ്ആർഒ നിർത്തിവച്ചിരുന്നു. പുതിയ ഉപഗ്രഹം കൂടി എത്തുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ ജിപിഎസ് സേവനം നൽകാൻ പദ്ധതി സജ്ജമാകുമെന്നായിരുന്നു പ്രതീക്ഷ.
https://www.facebook.com/Malayalivartha
























