പോലീസുകാരനെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് തല്ലി വനിതാ ജഡ്ജി

ഡെറാഡൂണില്‍ പോലീസുകാരനെ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് വനിതാ ജഡ്ജി മുഖത്ത് അടിച്ചു. ഉത്തര്‍പ്രദേശിലെ കീഴ്‌കോടതി ജഡ്ജിയായ ജയ പഥക് ആണ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മര്‍ദിച്ചത്. ഡെറാഡൂണിലെ പ്രേംനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
ജഡ്ജിയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. പെട്രോളിയം ആന്റ് എനര്‍ജി സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘര്‍ഷത്തില്‍ ജഡ്ജിയുടെ മകനും ഉള്‍പ്പെട്ടിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ വിദ്യാര്‍ഥികളുടെ കസ്റ്റഡിയെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ജഡ്ജിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് അവരെ പ്രകോപിപ്പിച്ചത്.
ജഡ്ജി പൊലീസുകാരനെ രണ്ടിലധികം തവണ മുഖത്തടിച്ചു. വനിതാ പൊലീസുകാര്‍ അവരെ പിടിച്ചു മാറ്റുകയായിരുന്നു. ''നിങ്ങള്‍ ഒരു ജഡ്ജിയല്ലേ, ഇങ്ങനെയാണോ പെരുമാറുന്നതെന്ന്''-മര്‍ദനമേറ്റ പൊലീസുകാരനും സഹപ്രവര്‍ത്തകരും അവരോട് ചോദിക്കുന്നതും ജഡ്ജി വീണ്ടും തര്‍ക്കിക്കുന്നതുമായ ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്.
ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മര്‍ദിച്ച ജഡ്ജിക്കെതിരെ കേസെടുക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് അലഹബാദ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജഡ്ജി സാധാരണക്കാരെ പോലെ പെരുമാറിയെന്നും ആവശ്യമില്ലാതെ പൊലീസുകാരനെ മര്‍ദിക്കുകയും കയ്യേറ്റം ചെയ്യുകയുമാണ് ഉണ്ടായതെന്നും പൊലീസ് നല്‍കിയ അപേക്ഷയില്‍ പറയുന്നു. ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ അനുമതി നല്‍കിയാല്‍ ജയ പഥകിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
https://www.facebook.com/Malayalivartha


























