രണ്ടാം ക്ലാസുകാരന്റെ കൊലപാതകം: സുരക്ഷാ കർശനമാക്കാൻ സിബിഎസ്ഇ യുടെ പുതിയ നിർദേശങ്ങൾ

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കു കർശന നിർദേശങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ(സിബിഎസ്ഇ) രംഗത്ത്. ബോർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പുതിയ സർക്കുലർ.
സ്കൂൾ പരിസരങ്ങളിൽ നിർബന്ധമായും സിസിടിവി കാമറകൾ സ്ഥാപിക്കുക, പുറത്തുനിന്നുള്ള സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തുക, സ്കൂൾ ജീവനക്കാരെ പോലീസ് വെരിഫിക്കേഷനു വിധേയരാക്കുക തുടങ്ങിയ നിർദേശങ്ങളാണു സിബിഎസ്ഇ സ്കൂളുകൾക്ക് ഉത്തരവായി നൽകിയിരിക്കുന്നത്. കുട്ടികൾക്കു സുരക്ഷിതമെന്ന് ഉറപ്പായ സാഹചര്യങ്ങളിൽ പഠിക്കാനും ശാരീരിക-മാനസിക ഉപദ്രവങ്ങൾ ഏൽക്കാതിരിക്കാനും കുട്ടികൾക്ക് മൗലിക അവകാശമുണ്ട്. സ്കൂളുകൾ പൂർണമായും അധികൃതരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും സിബിഎസ്ഇ സർക്കുലറിൽ പറയുന്നു.
ഹരിയാനയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണ് ഇപ്പോൾ പുതിയ സർക്കുലറിനു കാരണമായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാൻ ഇന്റർനാഷണലിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂറിനെ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കഴുത്തുമുറിച്ചു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടർ കൊലപാതകക്കുറ്റം സമ്മതിച്ചു. കുട്ടി കൊല്ലപ്പെടുന്നതിനു മുന്പ് ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























