മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി എട്ടിന്റെ പണി കിട്ടും

കോടികളും ലക്ഷങ്ങളും പടുത്തുയർത്താൻ ശ്രമിക്കുന്നതിനിടയിൽ മാതാപിതാക്കളെ ഉപേക്ഷിക്കുകയും വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും ഇന്നൊരു അപൂർവ്വസംഭവമല്ല. ഈ സാഹചര്യത്തിൽ ഒരു പുതിയ നിയമം വന്നിരിക്കുകയാണ്. മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പണി കിട്ടും. അസം എംപ്ലോയീസ് പേരന്റൽ റസ്‌പോൺസിബിലിറ്റി ആൻഡ് നോംസ് ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിങ് ബിൽ (പ്രണാം) അസം നിയമസഭ പാസാക്കി. സർക്കാർ ഉദ്യോഗസ്ഥർ അവരുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിൽനിന്നു പിഴ ഈടാക്കുന്ന നിയമമാണിത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നിയമം വരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ മാതാപിതാക്കൾ ഉൾപ്പെടെയുള്ള ആശ്രിതരെ സംരക്ഷിക്കുന്നത് ഉറപ്പു വരുത്തുന്നതിനാണു ബില്ല്. ധനമന്ത്രി ഹിമാന്ദ ബിശ്വശർമ അവതരിപ്പിച്ച ബില്ലിനെ ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണച്ചു.
സർക്കാർ ഉദ്യോഗസ്ഥരായ മക്കൾ സംരക്ഷിക്കുന്നില്ലെങ്കിൽ മാതാപിതാക്കൾക്കു മക്കൾ ജോലിചെയ്യുന്ന വകുപ്പിന്റെ അധികാരിക്ക് പരാതി നൽകാം. ഇരുവിഭാഗത്തെയും കേട്ടശേഷം വകുപ്പു മേധാവിക്കു പിഴ ഈടാക്കാം. ഉദ്യോഗസ്ഥന്റെ ശമ്പളത്തിന്റെ 10 മുതൽ 15 ശതമാനം വരെ കിഴിവു ചെയ്തു മാതാപിതാക്കൾക്കു നേരിട്ടു നൽകും. ഇന്ത്യൻ സംസ്‌കാരത്തിൽ മാതാപിതാക്കൾ ദൈവത്തിനു തുല്യമാണെന്നും എന്നാൽ, പുതിയ കാലത്ത് അവർ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ബില്ല് അവതരിപ്പിച്ച ഹിമാന്ദ ബിശ്വശർമ പറഞ്ഞു.
https://www.facebook.com/Malayalivartha


























