പരമ്പരാഗത ട്രെയിന്‍ കോച്ചുകള്‍ ചരിത്രത്തിലേക്ക്

റെയില്‍വേ മന്ത്രാലയത്തിന്റെ ചുവപ്പു കൊടി ലഭിച്ചതോടെ പരമ്പരാഗത ട്രെയിന്‍ കോച്ചുകള്‍ ചരിത്രത്തിലേക്ക്. റെയില്‍ മന്ത്രാലയത്തിന്റെ കീഴില്‍ കോച്ചുകള്‍ നിര്‍മിക്കുന്ന ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്) പഴയ രീതിയിലുള്ള കോച്ചുകള്‍ നിര്‍ത്തി എല്‍.എച്ച്.ബി നിര്‍മാണത്തിലേക്ക് പൂര്‍ണമായും ശ്രദ്ധ കന്ദ്രീകരിക്കുന്നു. ഈമാസം 19ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി അവസാന കോച്ച് പുറത്തിറക്കി പരമ്പരാഗത ഇനത്തിന് 'ഔദ്യോഗിക യാത്രയയപ്പ്' നല്‍കും.
നീലനിറമുള്ള എ.സി ഫസ്റ്റ് ക്ലാസ്, എ.സി സെക്കന്‍ഡ് ക്ലാസ് ബെര്‍ത്തുകള്‍ ഉള്‍പ്പെട്ട കോച്ചാണ് അവസാനമായി ഇറങ്ങുന്നത്. ഈ വര്‍ഷം നിര്‍മിച്ച 52ാമത്തെ കോച്ചാണിത്. 1952ല്‍ സ്ഥാപിതമായ ഫാക്ടറിയിലെ 55,553 ാമത് കോച്ചും. സ്വന്തം രൂപകല്‍പനയിലെ പരമ്പരാഗത കോച്ചുകള്‍ക്കൊപ്പം പെരമ്പൂര്‍ ഐ.സി.എഫില്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി) കോച്ചുകളും മൂന്നുവര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയിരുന്നു. പരമ്പരാഗത കോച്ചിന്റെ ഉപയോഗം 25 വര്‍ഷം ഉണ്ടായിരിക്കെ ഇനി കാല്‍ നൂറ്റാണ്ട് ഇവ പാളത്തിലുണ്ടാകും. എല്‍.എച്ച്.ബിയുടേത് 35 വര്‍ഷമാണ്. ഇന്ത്യന്‍ സാങ്കേതികവിദ്യയിലുള്ള കോച്ചുകള്‍ ഒഴിവാക്കി ജര്‍മന്‍ എല്‍.എച്ച്.ബികളുടെ നിര്‍മാണത്തിലേക്ക് ശ്രദ്ധിക്കാന്‍ റെയില്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
അപകടങ്ങളുടെ വ്യാപ്തി ലഘൂകരിക്കുന്ന ജര്‍മന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിര്‍മിക്കുന്ന ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാണ്. പരമ്പരാഗത കോച്ചുകളില്‍ ഉപയോഗിക്കുന്ന കോര്‍ട്ടണ്‍ സ്റ്റീലിന് പകരം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മൂലം താരതമ്യേന ഭാരക്കുറവും സ്ഥല സൗകര്യവും യാത്രാസുഖവും ലഭിക്കും. ഇന്ത്യന്‍ പാളങ്ങളില്‍ പരമാവധി 160 കി.മീറ്റര്‍ വരെ വേഗതയെടുക്കാം.
1955ല്‍ കോച്ച് നിര്‍മാണം തുടങ്ങിയ പെരമ്പൂര്‍ ഐ.സി.എഫ് ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, തായ്‌വാന്‍, സാംബിയ, ഫിലിപ്പീന്‍സ്, താന്‍സാനിയ, ഉഗാണ്ട, നൈജീരിയ, മൊസാംബി, അംഗോള തുടങ്ങിയ രാജ്യങ്ങളിലേക്ക് കോച്ചുകള്‍ കയറ്റി അയച്ചിരുന്നു.
പരമ്പരാഗത ഇനം പുറത്താകുമ്പോഴും ദൂരം കുറഞ്ഞ സര്‍വിസുകള്‍ക്കുള്ള മെമു, ഡെമു, ഗരീബ് രഥ്, അന്ത്യോദയ, തേജസ്, അനുഭൂതി തുടങ്ങിയവയുടെ നിര്‍മാണം ഐ.സി.എഫില്‍ തുടരും.
https://www.facebook.com/Malayalivartha





















