ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എതിർത്ത് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്നാണ് ചാൾസ് റോബർട്ട് ഡാർവിൻ കണ്ടെത്തിയത്. ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. എന്നാൽ ഡാർവിന്റെ ഈ പരിണാമ സിദ്ധാന്തം തെറ്റാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. മഹാരാഷ്ട്രയില്‍ നടന്ന ഓൾ ഇന്ത്യ വൈദിക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുരങ്ങൻ മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലാത്തതിനാൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.'നമ്മുടെ പൂർവികരാരും കുരങ്ങന്‍ മനുഷ്യനാകുന്നതിന് സാക്ഷികളായിട്ടുളളതായി ഒരിടത്തും പറഞ്ഞിട്ടില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലെയും കോളേജുകളിലെയും ഇതുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സത്യപാല്‍ സിങിന്രെ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്ത സത്യപാല്‍ സിംഗ് ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം ചെയ്യില്ലെന്നും പറഞ്ഞിരുന്നു.
മുൻപ് റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനും എട്ടുകൊല്ലം മുന്‍പ് ഇന്ത്യക്കാരനായ ശിവാകര്‍ ബാബുദി താല്‍പാദെ വിമാനം കണ്ടുപിടിച്ചിട്ടുണ്ടെന്ന് സത്യപാല്‍ സിങ് പറഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ച് ഐ.ഐ.ടി.വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും സത്യപാല്‍ സിങ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 'പുഷ്പക വിമാന'ത്തെക്കുറിച്ചും വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും രാജ്യത്തിന്റെ ഭാവിഎന്‍ജിനീയര്‍മാര്‍ക്ക് പഠിക്കാനുള്ള ഒട്ടേറെക്കാര്യങ്ങള്‍ ഇന്ത്യന്‍പുരാണങ്ങളില്‍ ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha





















