പെട്രോളിന് 80 രൂപ ഡീസലിന് 67, എക്സൈസ് നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു; മോദി അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്
ഇന്ധനവില വര്‍ദ്ധന നിയന്ത്രണാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വരുന്ന ബഡ്ജറ്റില്‍ ഇത് ഉള്‍പ്പെടുത്തണമെന്നും പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ ഇന്നെത്തി. 63 രൂപ 20 പൈസയാണ് ഡീസല്‍ വില. പെട്രോള്‍ വില 72 രൂപ 38 പൈസയുമെത്തി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കഴിഞ്ഞ ഡിസംബര്‍ പകുതിക്ക് ശേഷം മൂന്ന് രൂപ 31 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചത്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ വില 80 രൂപ കടന്നു. മുംബയില്‍ ഡീസല്‍ 67 രൂപ 30 പൈസയ്ക്കാണ് വില്‍ക്കുന്നത്. അവിടെ വാണിജ്യ നികുതിയും വാറ്റും കൂടുതലാണ്. പെട്രോളാന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ 33 പൈസയുമാണ് കേന്ദ്രം എക്സൈസ് നികുതി ചുമത്തുന്നത്. പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 1 രൂപ 39 പൈസയും ഡീസലിന് ഒന്‍പത് രൂപ 32 പൈസയുമാണ് വാറ്റ്.
ഡിസംബര്‍ പകുതിക്ക് ശേഷം ഡീസല്‍ വില നാല് രൂപ 86 പൈസയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കൂടുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് പെട്രോളിയം മന്ത്രാലയം പറയുന്നു. അതേസമയം ബഡ്ജറ്റിന് മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളും നിവേദനങ്ങള്‍ നല്‍കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് എക്സൈസ് നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വ്യവസായ മേഖലയില്‍ നിന്ന് ലഭിച്ച ഒരു ഡസനോളം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതെല്ലാം ധനമന്ത്രാലയത്തിന് അയച്ച് കൊടുത്തിട്ടുണ്ടെന്നും ഓയില്‍ സെക്രട്ടറി കെ.ഡി ത്രിപാഡി അറിയിച്ചു. എന്നാല്‍ അതിന്റെ വിശദവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ലോകത്തെ പ്രമുഖ ക്രൂഡോയില്‍ വ്യാപാര കമ്പനിയായ ബ്രെന്റ് ഇന്ന് 69.42 ഡോളറിനും മറ്റൊരു കമ്പനിയായ യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് 63. 99 ഡോളറിനുമാണ് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ വില്‍ക്കുന്നത്. രണ്ട് കമ്പനികളും ഈ മാസം 15നും 16നും 2014ന് ശേഷമുള്ള റെക്കോഡ് വിലയിലാണ് ക്രൂഡ് ഓയില്‍ വിറ്റത്.
https://www.facebook.com/Malayalivartha