കോടിയേരിയുടെ മകനെതിരെയുള്ള പരാതി കമ്പനി പ്രതിനിധികള്‍ നല്‍കിയത് സീതാറാം യച്യൂരിക്ക് നേരിട്ട്; ഈ വാര്‍ത്ത ഗ്രൂപ്പ് പോരിന്റെ ഭാഗമായി മനോരമയ്ക്ക് ചോര്‍ത്തി കൊടുത്തത് യച്യൂരിയുടെ സെക്രട്ടറി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബയില്‍ നിന്ന് 13 കോടിയോളം രൂപ വായ്പയെടുത്ത് മുങ്ങിയെന്ന് പരാതി. മലയാളമനോരമയും മറ്റ് ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇക്കാരനായ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വേണ്ടി വായ്പയെടുത്ത ശേഷം പണം നല്‍കാതെ മുങ്ങിയതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ പൊളിറ്റ് ബ്യൂറോയെ സമീപിച്ചെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പണം തട്ടിയെടുത്ത ശേഷം മകന്‍ ചെക്ക് നല്‍കിയെങ്കിലും അതെല്ലാം മടങ്ങി. ഇതേ തുടര്‍ന്നാണ് ദുബയ് കോടതിയെ കമ്പനി സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കമ്പനി നല്‍കിയ പരാതിയില്‍ അടുത്ത മാസം ദുബയ് കോടതി കേസ് കേള്‍ക്കാനിരിക്കുകയാണ്. അതിന് മുമ്പ് കേസ് രമ്യമായി പരിഹരിക്കാനാണ് കമ്പനി അധികൃതര്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരിക്ക് നേരിട്ട് പരാതി നല്‍കിയത്. കൊല്‍ക്കത്തില്‍ നടന്ന കേന്ദ്രകമ്മിറ്റിക്കിടെയാണ് പരാതി നല്‍കിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി, സീതാറാം യച്യൂരിയുടെ പ്രൈവറ്റ് സെക്രട്ടറി ഈ പരാതി ഡല്‍ഹിയിലെ മനോരമ ലേഖകന് ചോര്‍ത്തി നല്‍കിയെന്നാണ് കോടിയേരി അടങ്ങുന്ന ഗ്രൂപ്പിലെ നേതാക്കള്‍ ആരോപിക്കുന്നത്. ദുബയ് കോടതി ഈ കേസ് നേരത്തെ തള്ളിക്കളഞ്ഞതാണെന്ന് ആരോപണവിധേയന്റെ അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
കുറേ വര്‍ഷങ്ങളായി ദുബയില്‍ ബിസിനസ് നടത്തിവരുകയായിരുന്നു മകന്‍. ഇയാളെ ദുബയിലെ കോടതിയില്‍ ഹാജരാക്കാന്‍ ദുബയ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മകന്റെ നടപടിയെക്കുറിച്ച് നേതാവുമായി ചില ദൂതന്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.
ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിന് മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍ കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍ നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍ നിന്നു വിട്ടുനില്‍ക്കുകയാണത്രെ.
കമ്പനിയുടമകള്‍ സി.പി.എം നേതൃത്വത്തെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം. അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് ശ്രമം. തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ കഴിഞ്ഞ മെയ് 16നു നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന്‍ നടത്തിയ 'വഞ്ചന'യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തുവത്രെ. ഉടനെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നല്‍കിയ ഉറപ്പ്.
https://www.facebook.com/Malayalivartha






















