പ്രീ-സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ ഒരുകുടക്കീഴിലാക്കാന്‍ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍... നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഇനി പന്ത്രണ്ടാംക്ലാസുവരെ

പ്രീ-സ്‌കൂള്‍ മുതല്‍ പ്ലസ്ടുവരെ ഒരുകുടക്കീഴിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം വരുത്തുന്ന പദ്ധതിക്ക് 75,000 കോടി രൂപയാണ് ചെലവ്. ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ ധനകാര്യസമിതി ഇതിനംഗീകാരം നല്‍കി. ഇതനുസരിച്ച് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം പന്ത്രണ്ടാംക്ലാസ് വരെയാക്കും.
രാജ്യമാകെയുള്ള പ്രീസ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള വിദ്യാഭ്യാസം ഏകീകൃതസ്വഭാവത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടെ, സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികളും ജില്ലാവിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങളുമെല്ലാം പുതിയ പദ്ധതിക്കു കീഴിലാകും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന ബേഠീ ബചാവോ, ബേഠീ പഠാവോ കായികമേഖലയില്‍ മുന്നേറ്റം ലക്ഷ്യമിടുന്ന ഖേലോ ഇന്ത്യ തൊഴില്‍മേഖലയിലെ വികാസത്തിനായുള്ള കൗശല്‍ വികാസ് തുടങ്ങിയവയും വിദ്യാഭ്യാസമേഖലയുമായി കൂട്ടിച്ചേര്‍ക്കും.
അധ്യാപക ശാക്തീകരണം, സ്‌കൂള്‍ പ്രധാന ഘടകമായി പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യമുണ്ടാകും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. സ്മാര്‍ട്ട് കഌസ് മുറികള്‍, ഡിജിറ്റല്‍ ബോര്‍ഡുകള്‍ തുടങ്ങിയവ വഴിയാകും പഠനം. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകും. സ്വച്ഛ് വിദ്യാലയ പദ്ധതിയുമായി കൂട്ടിയിണക്കി വിദ്യാലയ ശുചിത്വത്തിനും നടപടിയുണ്ടാകും.
വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. കുട്ടികള്‍ക്ക് മികച്ച പഠനസാധ്യതകള്‍ പരിചയപ്പെടുത്താനും കഴിയും. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്ക് പുതിയ പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രത്യേകപരിഗണന വേണ്ട ബ്ലോക്കുകള്‍, ജില്ലകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവയും കണക്കിലെടുക്കും.
https://www.facebook.com/Malayalivartha























