ചൈനീസ് പ്രസിഡന്റ് ഇന്ന് അഹമ്മദാബാദിലെത്തും

മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ന് അഹമ്മദാബാദിലെത്തും. ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്.
ഉച്ചയ്‌ക്ക് അഹമ്മദാബാദിലെത്തുന്ന ജിന്‍പിങ്ങിനെ ഹയാത് ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വീകരിക്കും. തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരുമായി ചില കരാറുകളില്‍ ഒപ്പുവയ്‌ക്കും. വൈകിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റിന് മോഡി അത്താഴവിരുന്നു നല്‍കും. വിരുന്നിനു ശേഷം ഇരുനേതാക്കളും ഡല്‍ഹിക്ക് തിരിക്കും. വ്യാഴാഴ്‌ച ഹൈദരാബാദ് ഹൗസിലാണ് ഇന്ത്യ - ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍.
വ്യാപാര വാണിജ്യ മേഖലകളില്‍ പരസ്‌പര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കും. അടിസ്‌ഥാന സൗകര്യവികസനം സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയേക്കും. വൈകിട്ട് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ചൈനീസ് പ്രസിഡന്റിന് അത്താഴ വിരുന്നു നല്‍കും. വെള്ളിയാഴ്‌ച ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജനുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഷീ ജിന്‍പിങ് കൂടിക്കാഴ്‌ച നടത്തും. ചൈന - ജപ്പാന്‍ യുദ്ധകാലത്ത് ചൈനയില്‍ ആതുരസേവനം നടത്തിയ ഡോക്‌ടര്‍ കോട്‌നിസിന്റെ ബന്ധുക്കളെയും ചൈനീസ് പ്രസിഡന്റ് കാണുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























