പ്രതിപക്ഷ ഐക്യം ഇനിയെങ്കിലും ഉണ്ടാകുമോ; മൂന്നാം മുന്നണി ഉണ്ടാകുമോ;

പ്രതിപക്ഷ ഐക്യമെന്ന ആവശ്യത്തിന് കരുത്ത് പകരുന്നതാണ് കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍. മുന്നാംമുന്നണി ആശയമുപേക്ഷിക്കുന്നതിന് മമതാ ബാനാര്‍ജിയേയും തെലങ്കാനാ രാഷ്ട്രസമിതിയേയും പ്രേരിപ്പിക്കുമോ പുതിയ സംഭവങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിന് ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളോ തെലുങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാനാ രാഷ്ട്രസമിതിയോ തയ്യാറായിട്ടില്ല. ഇവരെ ഒപ്പം നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്.
ആന്ധ്രാപ്രദേശിലാകട്ടെ എന്‍ഡിഎ ബന്ധമുപേക്ഷിച്ച ചന്ദ്രബാബു നായിഡുവിനും മറ്റൊരു മുന്നണിയില്‍ ചേരുന്നതിന് താല്പര്യമുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ മൂന്നാം മുന്നണിരൂപീകരിക്കുമോ എന്നതിലോക്കെ തീരുമാനമെടുക്കേണ്ടത് തെലുങ്ക് ദേശം പാര്‍ട്ടി തന്നെയാണ്. കോണ്‍ഗ്രസുമായി സഹകരിക്കണോ മൂന്നാം മുന്നണി രൂപീകരിക്കണോ എന്ന കാര്യത്തില്‍ പല പ്രാദേശിക പാര്‍ട്ടികളിലും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. മൂന്നാം മുന്നണി രൂപീകരിച്ച് വിലപേശലിന് സാഹചര്യം സൃഷ്ടിക്കുകയാണ് പല പ്രാദേശിക പാര്‍ട്ടികളുടേയും ലക്ഷ്യം അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസിനും ബിജെപിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ മൂന്നാം മുന്നണിയെ പിന്‍താങ്ങാന്‍ ഈ പാര്‍ട്ടികള്‍ നിര്‍ബന്ധിതമാകുമെന്നാണ് മൂന്നാംമുന്നണി നീക്കത്തിന് പിന്നിലുള്ള നേതാക്കളുടെ കണക്ക് കൂട്ടല്‍. മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പി യും ഉത്തര്‍പ്രദേശില്‍ സഖ്യത്തിലാണ്. ബീഹാറിലും മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സഖ്യം ബിജെപിക്ക് കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസ്സും ഇവിടെ സഖ്യത്തിലാണ്. ഈ സഖ്യത്തിലേക്ക് ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദള്‍ കൂടി ചേര്‍ന്നേക്കും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള എന്‍സിപിക്കാകട്ടെ അവസരം കിട്ടിയാല്‍ തങ്ങളുടെ നേതാവ് ശരദ് പവാറിനെ പ്രധാനമന്ത്രിയാക്കണമെന്ന ആഗ്രഹവും ഉണ്ട്. ഇതിനായുള്ള നീക്കങ്ങള്‍ ശരത് പവാറും നടത്തുമെന്നുറപ്പാണ്. മമതാബാനാര്‍ജിയ്ക്കാകട്ടെ ഡെല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് എഎപി യുടെ പിന്‍തുണയുണ്ടാകുമെന്നും മമത കണക്ക് കൂട്ടുന്നു. ഇടതുപക്ഷമാകട്ടെ തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തിടങ്ങളില്‍ ബിജെപിയെ പരാജയെപെടുത്തുക എന്ന ലക്ഷ്യത്തിനാകും പ്രാധാന്യം നല്‍കുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളെ പിന്‍തുണയ്ക്കുന്ന നിലപാടാകും സിപിഎം ഉം സിപിഐ യും സ്വീകരിക്കുക. അതേസമയം പ്രതിപക്ഷനിരയിലെ പ്രധാനപാര്‍ട്ടികള്‍ പരസ്പരധാരണയോടെ മത്സരിക്കുമോ..കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഭാഗമാകുമോ ..മൂന്നാം മുന്നണി രൂപീകരിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി യെ സംബന്ധിച്ചടുത്തോളവും നിര്‍ണ്ണായകമാണ്.
https://www.facebook.com/Malayalivartha
























