ബംഗാളില്‍ മമതാഭരണത്തിന്റെ മരണമണി; ഇനിയൊരു അങ്കത്തിന് മമതയ്ക്ക് ബാല്യമില്ല; സാഹചര്യങ്ങള്‍ ബി.ജെ.പിയെ ബംഗാളില്‍ ഉറപ്പിക്കും; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ബിജെപി കൊയ്യും; സി.പി.എമ്മിനെപ്പോലെ തൃണമൂലും ബംഗാളില്‍ ഒരു പഴങ്കഥയാകും

ബംഗാളില്‍ മമതാഭരണത്തിന്റെ മരണമണി മുഴങ്ങുകയാണ്. മുന്നു പതിറ്റാണ്ടു കാലം നീണ്ട സി.പി.എം.ഭരണത്തിന് അടിവരയിട്ടുകൊണ്ടാണ് ബംഗാളില്‍ മമത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. ഏറെക്കുറെ ഒറ്റയാൾ പോരാട്ടമായിരുന്നു അത്. രാഷ്ട്രീയത്തില്‍ എന്നും റിബലിന്റെ ശബ്ദമായിരുന്നു അവരുടേത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിരില്ലാത്ത നേതാവ് മാത്രമല്ല അവര്‍ അതിന്റെ പ്രത്യയ ശാസ്ത്രവുമായിരുന്നു. തന്റേടവും വാക്ചാതുരിയും കൊണ്ട് സി.പി.എമ്മിന്റേയും ബി.ജെ.പി യുടേയും കോണ്‍ഗ്രസിന്റേയും വമ്പന്മാരെ അവര്‍ നിഷ്പ്രയാസം കീഴടക്കി.
എന്നാല്‍ മമതാ സര്‍ക്കാരിന്റെ സമീപകാലത്തെ അഴിമതികളും അവരുടെ തന്നെ ചില തീരുമാനങ്ങളിലെ വൈരുദ്ധ്യങ്ങളും കാപട്യവും മമത എന്ന വ്യക്തിയുടെ വിശ്വാസ്യതയെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. ഇനി അത് തിരിച്ചു പിടിച്ച് പഴയ പ്രതാപത്തിലേക്ക് വരിക എളുപ്പമല്ല. ഈ അവസരം മുതലാക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ഇപ്പോള്‍ തന്നെ 21 എം.പി.മാര്‍ ബി.ജെ.പിയുമായി അടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂലിന്റെ ഇപ്പോഴത്തെ പശ്ചാത്തലം അവരുടെ ആത്മവിശ്വാസത്തെ ഉലച്ചിട്ടുണ്ടെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
വരും നാളുകളില്‍ കൂടുതല്‍ പേര്‍ ബി.ജെ.പിയുമായി അടുപ്പം സ്ഥാപിച്ചാല്‍ അത്ഭുതപ്പെടാനില്ല. 294 അംഗ നിയമസഭയില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 221 അംഗങ്ങള്‍ ഉണ്ട്. ബി.ജെ.പി യ്ക്ക് 71 പേരും. വലിയ ഇളക്കം ഉണ്ടായല്‍ മാത്രമേ മമതയെ മറിച്ചിടാനാകു. അതെന്തായാലും എളുപ്പമല്ല. മറ്റൊരു പ്രധാന കാര്യം ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി രണ്ടു പാര്‍ട്ടികള്‍ മാത്രമേയുള്ളു എന്നതാണ്. മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും സഭയില്‍ പ്രതിനിധികളില്ല.
തൃണമൂല്‍ ശിഥിലമായാല്‍ അതിന്റെ നേട്ടം കൊയ്യുക സംസ്ഥാനത്ത് വ്യക്തമായ സംഘടനാ ശേഷിയുള്ള ബി.ജെ.പി യായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗാള്‍ പിടിക്കണമെന്ന വാശിയിലുമാണവര്‍. കേന്ദ്രത്തില്‍ അവരുടെ ഭരണത്തെയിളക്കാന്‍ തല്‍ക്കാലും ആര്‍ക്കും കഴിയുകയില്ല എന്നൊരു സവിശേഷതകൂടി ഇതിനൊപ്പം പരിഗണിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിച്ച വ്യക്തിയാണ് മമതാ ബാനര്‍ജി. അതിനു വേണ്ടി പ്രതിപക്ഷത്തെ ഐക്യപ്പെടുത്താനുള്ള ശ്രമങ്ങളും അവര്‍ നടത്തിയിരുന്നു.
പക്ഷേ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവര്‍ തന്നെ ഉണ്ടാക്കിയ സങ്കീര്‍ണതകള്‍ വിശ്യാസ്യതയ്ക്ക് വലിയ കോട്ടമാണുണ്ടാക്കിയത്. ഇനി ഒരു പക്ഷേ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ നേതൃത്വം പ്രതിപക്ഷ കക്ഷികള്‍ വകവച്ചു കൊടുക്കണമെന്നില്ല. വിശേഷിച്ച് ബംഗാളില്‍ തിരിച്ചു വരാന്‍ ശ്രമിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും. ബംഗാളില്‍ ഇപ്പോഴും അവര്‍ക്ക് ഉറപ്പുള്ളൊരു സ്ഥാനമുണ്ടെങ്കിലും ദേശീയതലത്തില്‍ സോണിയാഗാന്ധിക്കോ രാഹുല്‍ഗാന്ധിക്കോ ഉള്ളൊരു സ്ഥാനം അവര്‍ക്കില്ല. ബംഗാളിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കൂടിയാകുമ്പോല്‍ കൂടുതല്‍ മങ്ങലുണ്ടാകാനാണ് സാധ്യത.
എന്തായാലും അധ്യാപക നിയമന കുംഭകോണക്കേസുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ പെട്ടെന്നു കെട്ടടങ്ങുമെന്നു തോന്നുന്നില്ല. അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വെറും മന്ത്രി മാത്രമായിരുന്നില്ല എന്നോര്‍ക്കണം. അദ്ദേഹം പാര്‍ട്ടിയിലെ രണ്ടാമനും സെക്രറട്ടറി ജനറലുമായിരുന്നു. മമതയുടെ സമ്മതമില്ലാതെ ഇത്ര വലിയൊരു തട്ടിപ്പിന് അദ്ദേഹം തയ്യാറാകില്ല എന്നു വിശ്വസിക്കുന്നവരാണ് അധികവും ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നുവര്‍ഷത്തിലധകമുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രമേയുള്ളു. അതിനിടയില്‍ ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നു തലയൂരാന്‍ എളുപ്പമാകില്ല. അത് സജീവമായി നിറുത്തുവാന്‍ ബി.ജെ.പി യ്ക്ക് കഴിയുകയും ചെയ്തു.
മമതയുടെ പ്രായമിപ്പോള്‍ 67 ആണ്. അത് ചെറിയ പ്രായവുമല്ല. പഴയചടുലതയൊന്നും ഇനി അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷിക്കാനാകില്ല. മറ്റൊരു പ്രധാന കാര്യം മമതയുടെ അഭാവത്തില്‍ തൃണമൂലിനെ നയിക്കാന്‍ ശേഷിയുള്ളൊരു നേതാവ് അവര്‍ക്കില്ല എന്നതാണ്. അങ്ങനെയൊരാള്‍ ഉയര്‍ന്നു വന്നാലും മമതയ്ക്കു കിട്ടിയ ജനസമ്മതി കിട്ടുകയുമില്ല. അപ്പോള്‍ വിശ്വാസ്യതാ നഷ്ടം, അഴിമതി, അനുകൂലമല്ലാത്ത പ്രായം, സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്ന ബി.ജെ.പി എന്നിവ അവരെ തളര്‍ത്തുമെന്ന കാര്യം തീര്‍ച്ചയാണ്.
ചുരുക്കം ഇത്രയുമാണ്. ഇനിയൊരു അങ്കത്തിന് മമതയ്ക്ക് ബാല്യമില്ല. അതിനാല്‍ സാഹചര്യങ്ങള്‍ ബി.ജെ.പിയെ ബംഗാളില്‍ ഉറപ്പിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരിക്കും അവര്‍ ബംഗാളില്‍ ഉണ്ടാക്കുക. മറ്റു ചില സംസ്ഥാനങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറവുകള്‍ കൂടി ഇവിടെ നികത്താന്‍ അവര്‍ക്കു കഴിയും. അങ്ങനെ സി.പി.എമ്മിനെപ്പോലെ തൃണമൂലും ബംഗാളില്‍ ഒരു പഴങ്കഥയാകും. ബി.ജെ.പി യ്ക്ക് ഒരു സംസ്ഥാനം കൂടിയാകും.
https://www.facebook.com/Malayalivartha