കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടർന്ന് സി.പി.എമ്മിൻ്റെ ബഹുഭൂരിപക്ഷം നേതാക്കളും മൗനവ്രതത്തിലാണെന്നു തോന്നുന്നു; ഏതാനും ചിലർക്ക് 'ജനാധിപത്യത്തിൻ്റെ വിജയം' എന്നൊക്കെ മനസില്ലാ മനസോടെ പറയേണ്ടി വന്നെങ്കിലും 'കോൺഗ്രസ്' എന്നൊരു വാക്ക് അറിയാതെ പോലും പ്രതികരണങ്ങളിൽ വരാതിരിക്കാൻ സൂക്ഷ്മ ശ്രദ്ധയാണുണ്ടായിരുന്നത്; രമേശ് ചെന്നിത്തല

കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടർന്ന് സി.പി.എമ്മിൻ്റെ ബഹുഭൂരിപക്ഷം നേതാക്കളും മൗനവ്രതത്തിലാണെന്നു തോന്നുന്നു. നിർണായകമായ പ്രതികരണവുമായി രമേശ് ചെന്നിത്തല . ഏതാനും ചിലർക്ക് 'ജനാധിപത്യത്തിൻ്റെ വിജയം' എന്നൊക്കെ മനസില്ലാ മനസോടെ പറയേണ്ടി വന്നെങ്കിലും 'കോൺഗ്രസ്' എന്നൊരു വാക്ക് അറിയാതെ പോലും പ്രതികരണങ്ങളിൽ വരാതിരിക്കാൻ സൂക്ഷ്മ ശ്രദ്ധയാണുണ്ടായിരുന്നത്. പിണറായി വിജയൻ്റെയും ഗോവിന്ദൻ മാഷിൻ്റെയുമൊക്കെ പ്രതികരണം കേട്ടാൽ തോന്നുക, കോൺഗ്രസ് തോൽപ്പിച്ചതല്ല, ബി.ജെ.പി. ചുമ്മാ പോയങ്ങ് തോറ്റതാണ് എന്നാണ്.
കർണാടകയിൽ സി.പി.എമ്മിൻ്റെ നിലപാട് എന്തായിരുന്നു? അവിടെ പോരാട്ടം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാവുന്ന കാര്യമാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ അവർ മൽസരിച്ച നാല് സീറ്റ് കൂടാതെ മറ്റുള്ള സീറ്റുകളിൽ അവരുടെ പിന്തുണ ജനതാദൾ എസിനായിരുന്നു. ഇരുപാർട്ടികളിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യം തെരെഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് പരസ്യമായി പറഞ്ഞ പാർട്ടിയാണ് JDS. അതായത്, തൂക്ക് മന്ത്രിസഭ ഉണ്ടാകുന്ന സാഹചര്യത്തിൽ പദവിയും പണവും നൽകിയാൽ ബി.ജെ.പിയെ പിന്തുണയ്ക്കാനും തയ്യാറായിരുന്ന പാർട്ടിയായിരുന്നു അവർ.
അതുകേട്ടിട്ടുപോലും നിലപാട് പുന:പരിശോധിക്കാൻ സി.പി.എം. തയ്യാറായില്ല. കർണാടകയിൽ സി.പി.എമ്മിൻ്റെ വോട്ടുകൾ, അത് വിരലിലെണ്ണാവുന്നത് മാത്രമാണെങ്കിലും JDS ലൂടെ അത് ബി.ജെ.പി മുന്നണിയിലെത്തുന്നതിൽ എതിർപ്പുണ്ടായിരുന്നവരല്ല സി.പി.എം. പരസ്യമായി ആഹ്ലാദിക്കുമ്പോഴും, ബി.ജെ.പിയെ പരാജയപ്പെടുത്തിയ കോൺഗ്രസിനോട് അവർക്ക് വൈരാഗ്യം ഉണ്ടാവുക സ്വാഭാവികം. വർഗീയതയ്ക്കെതിരായ പോരാട്ടമെന്നും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്നുമൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം പുലമ്പുന്ന സി.പി.എമ്മിൻ്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണ് കർണാടകയിലെ നിലപാടിലൂടെ.
https://www.facebook.com/Malayalivartha