സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്, വികസനത്തില്‍ കുതിക്കുന്ന കേരളത്തെ തകർക്കാൻ: കേന്ദ്രത്തിന്റെ നെഞ്ചത്ത് പൊങ്കാലയിടാന്‍ പിണറായി...
സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. വില്ലേജ് അസിസ്റ്റന്റുമാര്‍ മുതല്‍ മുകളിലോട്ടുള്ള മേലാളന്മാരില്‍ ഭൂരിപക്ഷവും കൈക്കൂലി വാങ്ങുന്നുണ്ട്. ഭരണനേതൃത്വം നടത്തുന്ന അഴിമതിയുടെ നാറിയ കഥകള്‍ നാട്ടിലെങ്ങും പാട്ടാണ്. അതിനെ ന്യായീകരിച്ച് തള്ളാനോ, മര്യാദയ്‌ക്കൊരു ക്യാപ്‌സ്യൂള്‍ ഇറക്കാനോ പോലും നേതാക്കള്‍ക്ക് കഴിയുന്നില്ല. ഏറ്റവും അവസാനം ഒരു ലക്ഷം രൂപ വിലയുള്ള ക്യാമറ 10 ലക്ഷത്തിന് വാങ്ങിയ വിവരങ്ങളാണ് പുറത്തുവന്നത്. അതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനൊരു കണ്ടുപിടുത്തം നടത്തിയത്. വികസനത്തില്‍ കുതിക്കുന്ന കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതെന്നും മുഖ്യമന്ത്രി പറയുന്നു.
കിട്ടുന്നിടത്തെല്ലാം ചെന്ന് വായ്പ എടുത്ത് സംസ്ഥാനത്തെ കുട്ടിച്ചോറാക്കിയിട്ടാണ് ഇമ്മാതിരി ന്യായീകരണങ്ങള്‍ നടത്തുന്നത്. ഇതെല്ലാം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും അണികളും അടിമകളെ പോലെ തൊണ്ട തൊടാതെ വിഴുങ്ങുകയാണ്. അഴിമതി ആരോപണങ്ങളല്ല, തെളിവുകളാണ് പ്രതിപക്ഷം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അത് പരസ്യമായി സമ്മതിച്ചില്ലെങ്കിലും സ്വന്തം പാര്‍ട്ടിയിലെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യണ്ടേ? അതല്ലേ ജനാധിപത്യമര്യാദ. അല്ലാതെ ഉടമ- അടിമ അല്ലെങ്കില്‍ ജന്മി-കുടിയാന്‍ സ്റ്റൈലില്‍ ഓ തമ്പ്രാ... എന്ന് പറഞ്ഞ് നിന്നാ മതിയോന്ന് പാര്‍ട്ടി പ്രവര്‍ത്തകരും അണികളും തീരുമാനിക്കട്ടെ. ഇനി കാര്യത്തിലേക്ക് വരാം..
ഇങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ വായ്പ എടുപ്പ് അതിരുകടന്നപ്പോഴാണ് നിയന്ത്രിക്കാനായി കേന്ദ്രം ഇറങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. കിഫ്ബിയുടെയും ക്ഷേമപെന്‍ഷന്‍ കമ്പനിയുടെയും മറവില്‍ 14,312 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. ഇത് സി.എ.ജിയെ കൊണ്ട് ഓഡിറ്റ് ചെയ്യാന്‍ പോലും അനുവദിച്ചില്ല.
അത്രയ്ക്ക് ദാര്‍ഷ്ട്യും ധിക്കാരവുമായിരുന്നു പിണറായി സര്‍ക്കാരിന്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയില്‍ എടുക്കുന്ന വായ്പയുടെ കണക്ക് പൊതുജനം അറിയണ്ടേ. അറിയണം അതിന് തങ്ങള്‍ സ്വന്തംനിലയ്ക്ക് ഓഡിറ്റ് നടത്തുന്നുണ്ടെന്നായിരുന്നു ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്റെ വാദം.
സ്വന്തം നിലയ്ക്ക് ഓഡിറ്റ് നടത്തിയാല്‍ കൃത്യമായ വരവ് ചെലവ് കണക്ക് പുറത്ത് വരില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് സി.എ.ജിയെ എതിര്‍ത്തതെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയും എടുക്കുന്ന വായ്പ പൊതുവായ്പാ പരിധിയുടെ കീഴില്‍ കൊണ്ടുവന്നത്.
2023-24 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 32,440 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നതത്. എന്നാലത് കുറച്ചെന്ന് വെള്ളിയാഴ്ച കേന്ദ്രം അറിയിച്ചു. ധനവകുപ്പ് ഇത് പ്രതീക്ഷിച്ചിരുന്നതാണ്. 15,390 കോടിയുടെ വായ്പയെടുക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32,400 കോടി കടമെടുക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ, വായ്പാ രീതികളില്‍ വെള്ളം ചേര്‍ത്തതോടെ അത് 23,000 കോടിയായി വെട്ടിക്കുറച്ചിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ 7610 കോടി രൂപയുടെ കുറവുണ്ടാകും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാനും, കാലിത്തൊഴുത്ത് നന്നാക്കാനും അധുനിക ലിഫ്റ്റ് സ്ഥാപിക്കാനും ലക്ഷക്കണക്കിന് രൂപയാണ് സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ബാലഗോപാലന്‍ അനുവദിച്ചത്.
മുഖ്യമന്ത്രിയും മരുമകനും ഉദ്യോഗസ്ഥരും നടത്തേണ്ട ഗള്‍ഫ് സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കാത്തത് കൊണ്ട് ആ കാശ് ഖജനാവിലുണ്ട്. അമ്മയച്ഛനും മരുമോനും കൂടി വിവേക് മോനെ കാണാനായി അടിക്കടി ഗള്‍ഫില്‍ പോകുന്നതെന്തിനാണെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനോട് പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ശക്തിയുണ്ടായിട്ടില്ല.
അടുത്തമാസം മുഖ്യമന്ത്രിയും നോര്‍ക്ക ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും മറ്റ് ഉദ്യോഗസ്ഥ പരിവാരങ്ങളുമെല്ലാം കൂടി അമേരിക്കയ്ക്ക് പറക്കുകയാണ്. ലോക കേരളസഭയുടെ അവിടുത്തെ സമ്മേളനത്തിന്. അതിനൊക്കെ എങ്ങനെ പോയാലും അരക്കോടിയിലധികം രൂപ ചെലവാകും. മുഖ്യമന്ത്രിയും സംഘവും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലണ്ടണ്‍ സന്ദര്‍ശിച്ചതിന് 46 ലക്ഷം രൂപയായിരുന്നു. അന്നത്തെ യാത്രയ്ക്ക് ശേഷം പറഞ്ഞ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് യു.കെയില്‍ ജോലി എന്നായിരുന്നു പ്രധാന വാഗ്ദാനം. ഇത്തരത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത യാത്രകള്‍ ആദ്യം വെട്ടിച്ചുരുക്കാന്‍ ധനമന്ത്രി തയ്യാറാകണം.
പിണറായി അധികാരത്തിലേറിയ 2016 മുതല്‍ 2020 വരെ കേസ് നടത്തിപ്പിനായി വിവിധ കോടതികളില്‍ 24 കോടി രൂപയ്ക്ക് മുകളിലാണ് ഖജനാവില്‍ നിന്ന് ചെലവിട്ടത്. ഇതില്‍ രാഷ്ട്രീയ കേസുകള്‍ക്കായി നല്ലൊരു തുകയായി. 2020ല്‍ ഹൈക്കോടതിയില്‍ മാത്രം 72 ലക്ഷം രൂപ ഫീസിനത്തില്‍ നല്‍കിയെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ വാദിക്കുന്നതിന് വേണ്ടി മാത്രം മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന് 27,50000ന് മുകളിലാണ് സര്‍ക്കാര്‍ നല്‍കിയത്.
സുപ്രീം കോടതിയില്‍ 24ഓളം കേസുകള്‍ വാദിക്കുന്നതിന് വേണ്ടി 14 കോടിക്ക് മുകളില്‍ പണം ചെലവഴിച്ചതായും ഹൈക്കോടതിയില്‍ 21ന് മുകളില്‍ കേസുകള്‍ക്കായി 10 കോടിക്ക് മുകളില്‍ ചെലവഴിച്ചെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ ധനരാജ് എസ് നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി പറയുന്നു. യിലാണ് സര്‍ക്കാര്‍ കേസുകള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ലോട്ടറി കേസുകളില്‍ ഹാജരായ പല്ലവ് ഷിസോദിയക്ക് 75 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍, നികുതി കേസുകളില്‍ എന്‍ വെങ്കിട്ട രമണന് പത്തൊമ്പൊതര ലക്ഷം രൂപ അനുവദിച്ചു.
ഹാരിസണ്‍ കേസില്‍ ജയ്ദീപ് ഗുപത്ക്ക് 45 ലക്ഷവും സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി എതിര്‍ക്കാന്‍ രഞ്ജിത് കുമാറിനെ ദില്ലിയില്‍ നിന്ന് വരുത്തിയതിന് നല്‍കിയത് എത്ര എന്ന് അറിയണോ? ഒരു കോടി 20 ലക്ഷം രൂപ ! എന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ? അതായത് സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഇന്നാട്ടിലെ പാവപ്പെട്ടവന്റെ നികുതിപ്പണം ഉപയോഗിച്ചു എന്നല്ലേ. ലാവ്ലിന്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് ഉമ്മന്‍ചാണ്ടിയോടുള്ള പക പോക്കാനിറങ്ങിയതാണ്.
പക്ഷെ, പവനായി ശവമായ കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. കേസെടുക്കാന്‍ തെളിവില്ലെന്ന് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞതായിരുന്നു. ആര് എവിടെ കേള്‍ക്കാന്‍. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി തീര്‍ക്കണം അത് മാത്രമായിരുന്നു ലക്ഷ്യം. അല്ലെങ്കില്‍ ജോസ് കെ. മാണിക്കെതിരെയും സരിത പരാതി നല്‍കിയിരുന്നല്ലോ, എന്തേ അന്വേഷിക്കാഞ്ഞത്.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ വിജയ് ഹന്‍സാരിയക്ക് 64 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ നല്‍കി. പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരെ വാദിക്കാനായി വിളിച്ചതിന് 88 ലക്ഷം രൂപയാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്. എല്ലാ വിമര്‍ശനങ്ങളെയും എതിര്‍്പ്പുകളെയും മറികടന്നാണ് പെരിയക്കേസില്‍ സി.ബി.ഐ വരാതിരിക്കാന്‍ കളിച്ചത്. അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മറ്റ് സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരടങ്ങുന്ന വലിയ അഭിഭാഷക സംഘത്തെ പൊതുജനത്തിന്റെ ചെലവില്‍ സര്‍ക്കാര്‍ ചെല്ലും ചെലവും കൊടുത്ത് തീറ്റിപ്പോറ്റുന്നുണ്ട്. അവരെയൊക്കെ നോക്കുകൂലിക്കാരാക്കി കൊണ്ടാണ് കോടികള്‍ മുടക്കി സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയത്.
അഡ്വക്കേറ്റ് ജനറലിന്റെ റീട്ടെയ്‌നര്‍ ഫീ നിലവില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ്. അതിന് പുറമേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് ഓരോ തവണയും 3500 രൂപയും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഒരു തവണ ഹാജരാകുന്നതിന് 7000 രൂപയുമാണ്. ഇമ്മാതിരി വഴിവിട്ട ചെലവുകള്‍ നടത്തിയിട്ട് ഇന്നാട്ടിലെ പാവപ്പെട്ടവന് എന്തെങ്കിലും നേട്ടമുണ്ടായോ ഇല്ല. അതുകൊണ്ട് ഇമ്മാതിരി ഉടായിപ്പ് പരിപാടികള്‍ ആദ്യം അവസാനിപ്പിക്ക്. പിരിച്ചെടുക്കേണ്ട നികുതി കൃത്യമായി പിരിച്ചെടുക്ക്. മുഖ്യമന്ത്രി പറയുന്നത് പോലെ കേരളം കുതിക്കും. അതിന് ചെറിയൊരു ഉദാഹരണം പറയാം.
ട്വന്റി 20 എന്ന പാര്‍ട്ടി 2015 മുതല്‍ എറണാകുളത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുകയാണ്. ഇപ്പോഴാ പഞ്ചായത്തിന്റെ ലാഭം അല്ലെങ്കില്‍ എല്ലാ ചെലവും കഴിഞ്ഞ് മിച്ചമുള്ള പണം എത്രയാന്ന് മിസ്റ്റര്‍ പിണറായി വിജയനും അണികള്‍ക്കും അറിയാമോ? 27 കോടി രൂപ. അഴിമതിയില്ലാതെ, നികുതിപ്പണം കൃത്യമായി പിരിച്ചെടുത്താണ് ഇത് സാധിച്ചത്. അതും കൂടി മുഖ്യമന്ത്രിയും അദ്ദേഹത്തെ ന്യായീകരിക്കുന്നവരും മനസ്സിലാക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha