തൃശൂരിനെ ഇങ്ങെടുക്കുവാ...! സുരേഷ് ഗോപി സ്റ്റാറല്ല; ലീഡര്‍ കെ മുരളീധരന്‍...

കെ മുരളീധരന്റെ തൃശൂര്‍പൂരത്തോടെ കൂമ്പിനിന്ന താമരകളുടെയെല്ലാം തണ്ടൊടിഞ്ഞിരിക്കുന്നു. തണ്ട് ഒടിയുക മാത്രമല്ല വേരുചീയല്‍രോഗവും താമരയെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. തൃശൂരിനെ ഇങ്ങെടുക്കാന്‍ ഓങ്ങിവന്ന കരുത്തന്‍ സുരേഷ് ഗോപി കൈവലിച്ചു. മാതാവിന് സ്വര്‍ണകീരിടവും ഗുരുവായൂരപ്പനെ നെയ്യഭിഷേകവും നടത്തിയാലൊന്നും തൃശൂര്‍ ഈസിയായി ഇങ്ങുപോരുമെന്ന പ്രതീക്ഷ ബിജെപിക്ക് നഷ്ടമായി. കൂളിംഗ് ഗ്ലാസിന്റെ മറവും മസില്‍ ഷോയുമൊന്നും തൃശൂരില്‍ ക്ലച്ചുപിടിക്കുന്നതുമില്ല.
വടകരയില്‍ കെ മുരളീധരനെ തോല്‍പിക്കുക, തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുക, ചാലക്കുടിയില്‍ പത്മജയെ താമരപ്പൂവില്‍ ഇറക്കി കോണ്‍ഗ്രസിനെ നാറ്റിക്കുക തുടങ്ങിയ എല്ലാ കരുനീക്കങ്ങളും പരാജയപ്പെട്ടുപോയിരിക്കുന്നു. നല്ല നേരം നോക്കി പത്മജയെ ഇങ്ങെടുത്തത് പാര്‍ട്ടിയ്ക്ക് ഇത്ര വലിയൊരു കഷ്ടകാലമായി മാറുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല.
പത്മജയെ കാവി പുതപ്പിച്ച് കേരളമെങ്ങും ഫ്‌ളക്‌സ് അടിച്ച് കോണ്‍ഗ്രസിനെ നാറ്റിക്കാനുള്ള പ്രയോഗം ചീറ്റിപ്പോയി. പകല്‍ സമയം പിണറായി സഖാവിന്റെ ആളും രാത്രി കാവിപ്പുതപ്പു പുതച്ച് ഉറങ്ങുകയും ചെയ്യുന്നതായി പറയപ്പെടുന്ന മുന്‍ പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയുടെ സ്വാധീനത്തിലാണ് പത്മജ താമരക്കുളത്തില്‍ മാമോദീസ മുങ്ങിയതെന്ന വിശ്വാസം പ്രബലമായിരിക്കുകയാണ്.
താന്‍ വെറും ചേരയാണെന്നും കോണ്‍ഗ്രസിന്റെ അത്താഴം മുടക്കാനുള്ള കടിമാത്രമേ കടിക്കാന്‍ ആഗ്രഹമുള്ളു എന്നാണ് പത്മജ പച്ചയായി പറഞ്ഞിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാകും എന്ന പ്രതീക്ഷയിലാണ് എകെ ആന്റണിയുടെ മകന്‍ അനിലെ ചാക്കിട്ടുപിടിച്ചതുപോലെ പത്മജയെയും ബിജെപി വലവീശി പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പൊട്ടന്‍കളിയാണ് കളിക്കുന്നതെങ്കിലും കേരളത്തില്‍ ഇന്നലെ കളിച്ചത് സൂപ്പര്‍ കളിയായി. വടകരയില്‍ മുരളീധരനെ തോല്‍പിക്കാന്‍ ബിജെപി കെ.കെ. ഷൈലജ സഖാവിന് വേണ്ടുവോളം വോട്ടുമറിച്ചുകൊടുക്കാനുള്ള രഹസ്യനീക്കം കോണ്‍ഗ്രസ് മണത്തറിഞ്ഞു. വടകരയില്‍ സിപിഎം ഉറപ്പായി ജയിക്കും എന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നത് ബിജെപിയുടെ കാല്‍ ലക്ഷം വോട്ട് ഷൈലജയുടെ പെട്ടിയില്‍ വീഴുമെന്ന ഉറച്ച ആവേശ പ്രതീക്ഷയിലായിരുന്നു.
ഇത്തരമൊരു നീക്കത്തെയാണ് സിറ്റിംഗ് എംഎല്‍എ ഷാഫി പറമ്പിലിനെ പാലക്കാട്ടുനിന്നും പറിച്ചെടുത്തു കൊണ്ടുവന്ന് ഒരു കൂറ്റന്‍ അമിട്ട് കോണ്‍ഗ്രസ് വടകരയില്‍ പൊട്ടിച്ചത്. വടകരയില്‍ ഷൈലജ തോറ്റാല്‍ അതില്‍പരമൊരു നാണക്കേട് സിപിഎമ്മിന് സംഭവിക്കാനുമില്ല. എഴുപതിനായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിയസഭയിലേക്ക് ജയിച്ചു വന്ന ഷൈലജ വടകരയില്‍ തോറ്റാല്‍ സിപിഎം അവിടെ തീര്‍ന്നു. ടിപി ചന്ദ്രശേഖരനെ കൊന്നതിന്റെ ശാപം വടകരയില്‍ ബാക്കിനില്‍ക്കുന്നതായി സിപിഎമ്മിന് തിരിച്ചറിയേണ്ടിവരും.
കണ്ണൂരില്‍ കെ സുധാകരന്‍ ശല്യമുണ്ടാക്കാന്‍ വരില്ലെന്ന പ്രതീക്ഷയിലാണ് ശുംഭന്‍ ജയരാജനെ സിപിഎം ഇറക്കിനോക്കിയത്. ജയരാജന്‍മാരെല്ലാം പറയുന്നത് വിവരക്കേടും വെളിവുകേടും ആയതുകൊണ്ടുതന്നെ കണ്ണൂര്‍ കൈവിട്ടുപോകുമെന്ന കണക്കുകൂട്ടല്‍ സഖാക്കള്‍ക്കുമുണ്ട്. ജയരാജന്‍ ജയിച്ചാല്‍തന്നെ ഏതു ഭാഷ, എന്തു ഭാഷ ലോക്‌സഭയില്‍ സംസാരിക്കുമെന്ന മറ്റൊരു ചോദ്യവും നാടുനീളെ ഉയരുന്ന ഘട്ടമാണിത്. കഥ തൃശൂരിലേക്കു തന്നെ മടങ്ങാം.
തൃശൂരില്‍ അര ലക്ഷത്തോളം വോട്ട് സിപിഎംകാര്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായ വിഎസ് സുനില്‍കുമാറിനെ തള്ളി സുരേഷ് ഗോപിയുടെ പെട്ടിയില്‍ വീഴിച്ചാല്‍ കഥ മാറിയേനെ. അവിടെ അതിശക്തന്‍ വരുന്നില്ലെങ്കില്‍ കളിമാറുമെന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ട്. ബിജെപിയില്‍ പത്തനംതിട്ട സീറ്റില്‍ വല്ലാത്തൊരു പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്ന് അഭിപ്രായം ബിജെപി പ്രവര്‍ത്തകരില്‍ ശക്തമാണ്.
പിസി ജോര്‍ജിന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ കേരളത്തില്‍ താമര വിരിയിച്ചേനേ എന്നു വിശ്വസിക്കുന്നവരും പറയുന്നവരും ഏറെപ്പേരാണ്. നിലവില്‍ കോണ്‍ഗ്രസിനെയും താമരയെയും വെട്ടി സിപിഎം കൊടിപാറിക്കുമോ എന്നുപോലും ബിജെപി ഭയപ്പെടുകയാണ്. ആലപ്പുഴയില്‍ കെസി വേണുഗോപാലിനെ കോണ്‍ഗ്രസ് ഇറക്കിയതും ബിജെപിയെ ഞെട്ടിച്ചിരിക്കുന്നു.
ആലപ്പുഴയില്‍ ആരിഫിനെ തുണച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ ചെറുകൈ സഹായം ചെയ്യാമെന്ന ധാരണ പൊളിഞ്ഞുപാളീസായിരിക്കുന്നു. വയനാട്ടില്‍ രാഹുല്‍ വന്നാല്‍തന്നെ സിപിഐക്ക് ആശങ്കയൊന്നുമില്ല. സിപിഐ നേതൃത്വം ആനി രാജയെ കൊണ്ടുവന്നതും നിറുത്തിയതുമൊക്കെ അത്ഭുതം പ്രതീക്ഷിച്ചല്ല.
https://www.facebook.com/Malayalivartha