റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം; മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു

മൂന്നാമൂഴം ഉറപ്പായിട്ടും 370 എന്ന മാസ്മരിക സംഖ്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതിപക്ഷം തകരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുവരെ ചിത്രത്തില്‍ പ്രതിപക്ഷത്തിന് വലിയ റോളില്ല. റാലികളും പ്രതിഷേധങ്ങളും പ്രസംഗങ്ങളും നടത്തുന്നതല്ലാതെ ഒരു ഓളവും സൃഷ്ടിക്കാനാകാതെ പ്രതിപക്ഷം പകച്ചുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മോദിയും അമിത്ഷായും ഇനിയും ആവനാഴിയിലെ ഏതൊക്കെ അസ്ത്രങ്ങളാണ് പുറത്തെടുക്കുക എന്നറിയാതെ കോണ്‍ഗ്രസും രാഹുലും അന്തംവിട്ടിരിക്കുകയാണ്. വടക്കേന്ത്യയില്‍ മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് രാഹുല്‍ ഇക്കുറിയും വയനാട്ടിലേക്ക് വണ്ടികയറിയത് ചുമ്മാതല്ല. ജനുവരി 23ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടെ നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണം തന്റെ കയ്യിലാണെന്ന് ഊട്ടിയുറപ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ചടങ്ങിന് പോയില്ലെങ്കിലും എതിര്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലായിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളും വ്യക്തിപരമായി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയും മറ്റുചിലര്‍ പിന്നീട് ദര്‍ശനം നടത്തുകയും ചെയ്തു. അങ്ങനെ തൊണ്ടയില്‍ നിന്ന് ഇറക്കാനും വയ്യ ഛര്‍ദ്ദിക്കാനും വയ്യ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. അങ്ങനെയിരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ കുരുപൊട്ടുന്ന മറ്റൊരു പ്രഖ്യാപനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയത്. അദ്ദേഹം ഇന്ത്യാ മുന്നണി സഖ്യം അവസാനിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്, ഒറ്റദിവസം കൊണ്ട് പുതിയ സര്‍ക്കാരുണ്ടാക്കി.
നിതീഷിനെ നമ്പിനാല്‍ ഉജ്ജ്വലമായിരിക്കുമെന്ന് രാഹുലും ടീമും അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഡല്‍ഹിയിലെ രാഷ്ട്രീയ പിന്നാമ്പുറങ്ങളില്‍ മറ്റൊരു കരക്കമ്പി പ്രചരിക്കുന്നുണ്ട്, അതിങ്ങിനെയാണ്, ബിഹാറില്‍ നിതീഷിന് ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോദിയും അമിത്ഷായും നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായതും പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് ഇന്ത്യ സഖ്യം രൂപീകരിച്ചതും പിന്നീട് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ വെച്ച് നിതീഷ് കാലുവാരിയതും.
അതോടെ ഇന്ത്യാ സഖ്യം ഞാനും ജോജിയും തമ്മില്‍ അടിച്ച്പിരിഞ്ഞ് - എന്ന് പറഞ്ഞ പോലായി. അതില്‍ നിന്ന് കരകയറാന്‍ അവര്‍ക്കിതുവരെ ആയിട്ടില്ല. രാഹുലിന്റെ ഭാരത് ജോഡോ യാത്ര 2.0 നിക്കണോ, പോണോ എന്ന അവസ്ഥയിലായി. അതിനിടെ അജിത് പവാറിന്റെ എന്‍.സി.പിക്ക് പാര്‍ട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. അതോടെ ഇന്ത്യാ മുന്നണിക്കൊപ്പമുള്ള ശരത് പവാര്‍ ആപ്പിലായി. പവാര്‍ ബി.ജെ.പി സഖ്യത്തിലേക്ക് പോകുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ആറ് എം.എല്‍.എമാര്‍ മുന്നണി വിട്ട് ബി.ജെ.പിക്കൊപ്പം ചേരാന്‍ തീരുമാനിച്ചതോടെ അടുത്ത പ്രതിസന്ധി ഉടലെടുത്തു. അതിനിടെ കൂറുമാറ്റനിരോധന നിയമപ്രകാരം ആറ് പേരെയും അയോഗ്യരാക്കിയതോടെ കഷ്ടിച്ച് രക്ഷപെട്ടു. എങ്കിലും കാര്യങ്ങള്‍ അത്ര ഭംഗിയല്ല. മധ്യപ്രദേശില്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട കമല്‍നാഥും മകനും ബി.ജെ.പിയില്‍ ചേരാനായി വിമാനം കയറി ഡല്‍ഹിയിലെത്തിയതാണ്.
ബി.ജെ.പിക്ക് കമല്‍നാഥിനോട് വലിയ താല്‍പര്യം ഇല്ലാതിരുന്നത് കൊണ്ട് ആ മലക്കംമറിച്ചില്‍ നടന്നില്ല. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പല നേതാക്കളും അസംതൃപ്തരാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പഴയ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിക്ക് ഈ ഗതികേട് ഉണ്ടാകുന്നത്.
മതേതരത്വവും ഗാന്ധിസവും ഉയര്‍ത്തിപ്പിടിക്കുമ്പോഴും മൃദുഹിന്ദുത്വം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. അതുകൊണ്ട് ബി.ജെ.പി തെളിക്കുന്ന വഴിയിലൂടെ കോണ്‍ഗ്രസിന് പോകേണ്ടിവരുന്നു. അല്ലാതെ അവര്‍ക്ക് സ്വന്തമായി യാതൊരു നിലപാടുമില്ല. രാഹുല്‍ ഗാന്ധി ഒരു വഴിക്കൂടെ പാര്‍ട്ടിയെ ശക്തമാക്കി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ചില നേതാക്കള്‍ ബി.ജെ.പിക്കൊപ്പം പോയിട്ടുണ്ടാകും. ഹിന്ദിഹൃദയഭൂമിയായിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസ്സിലായി.
കര്‍പ്പൂരി ഠാക്കൂറിന് കേന്ദ്രം ഭാരതരത്‌ന പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊരു കാരണം മാത്രമാണ്. അതിന് മുമ്പേ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചെന്ന് മുമ്പ് പറഞ്ഞല്ലോ. ആ തിരിച്ചടിയിലും വലിയ തിരിച്ചടി മോദി നല്‍കിയത് നരസിംഹറാവുവിന് ഭാരതരത്‌നം നല്‍കിയാണ്. ബാബരി മസ്ജിദ് പൊളിച്ച സമയത്ത് റാവു ആയിരുന്നു പ്രധാനമന്ത്രി.
13 ഭാഷകള്‍ സംസാരിക്കാനും എഴുതാനും അറിയാവുന്ന അദ്ദേഹം അന്നൊരക്ഷരവും മിണ്ടാതിരുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരുന്നത്. റാവു മരിച്ച ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും അദ്ദേഹത്തിന് അര്‍ഹമായതൊന്നും നല്‍കിയില്ല. എല്‍.കെ അദ്വാനിക്ക് കൂടി ഭാരതരത്‌നം പ്രഖ്യാപിച്ച് മോദി ഹിന്ദുത്വ ശക്തികളെയാകെ കയ്യിലെടുത്തു. അങ്ങനെ എല്ലാം കൊണ്ടും മോദി അജയ്യനായി യാത്ര തുടരുകയാണ്.
370 എന്ന മാന്ത്രിക സംഖ്യയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അത് മറികടക്കാനാണ് സര്‍ക്കാരിന്റെ അവസാന ലാപ്പില്‍ നരേന്ദ്രമോദി പരത്വഭേദഗതി നിയമം കളത്തിലിറക്കിയത്. അതോടെ പ്രതിപക്ഷം വണ്ടറടിച്ചിരിക്കുകയാണ്. കാരണം മോദി പെട്ടെന്ന് പെട്ടെന്നാണ് വിഷയങ്ങള്‍ മാറ്റിമറിക്കുന്നത്. ഇതില്‍ ഏത് ചര്‍ച്ച ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. ഒന്നിനെതിരെ ജനത്തെ സജ്ജമാക്കാന്‍ നോക്കുമ്പോഴേക്കും അടുത്ത മാലപ്പടക്കത്തിന് മോദി തിരികൊളുത്തിയിരിക്കും. അത് കണ്ട് അന്തംവിട്ട് കുന്തംവിഴുങ്ങിയപോലെ നില്‍ക്കുകയാണ് ഇന്ത്യാ മുന്നണി നേതാക്കള്‍.
https://www.facebook.com/Malayalivartha