കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് വിലയിരുത്തൽ

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍. രണ്ട് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന് സ്വപ്‌നം കണ്ട് ഇപ്പഴേ അടിതുടങ്ങിയത് അതുകൊണ്ടാണ്. എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തങ്ങളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ കെ.മുരളീധരനും എം.കെ രാഘവനും കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നേതാക്കളില്‍ പലര്‍ക്കും പണത്തോട് അത്യാര്‍ത്ഥിയാണെന്നും തെരഞ്ഞെടുപ്പ് ചെലവ് ഉദ്ദേശിച്ചതിലും ഇരട്ടിയായെന്ന് കെ.മുരളീധരന്‍ പരാതി പറഞ്ഞതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിലെ കോണ്‍ഗ്രസിന് സംഘടനാ തലത്തില്‍ ഇത്രയും ജീര്‍ണതയും കെടുകാര്യസ്ഥതയും മുമ്പ് ഉണ്ടായിട്ടില്ല. സംഘടനാ സംവിധാനം വളരെ മോശമാണെന്ന് നേതാക്കള്‍ തന്നെ പറയുന്നു. അത് മെച്ചപ്പെടുത്താനുള്ള യാതൊരു കാര്യവും ഇവരാരും ചെയ്യുന്നില്ല. ആരെ വീഴ്ത്തിയാലും വേണ്ടില്ല നമുക്ക് കിട്ടണം പണവും പദവിയും എന്നതാണ് ഓരോരുത്തരുടെയും മുദ്രാവാക്യം. കെ.സുധാകരന്‍ കണ്ണൂരിനപ്പുറമുള്ള രാഷ്ട്രീയം അറിയാത്ത നേതാവാണ്. കെ.പി.സി.സി അധക്ഷ്യനാകാന്‍ യോഗ്യതയുണ്ടെങ്കിലും പുള്ളിയെ കൊണ്ട് കൂട്ടിയാ കൂടാത്ത പണിയാണത്.
കാരണം പ്രായോഗിക രാഷ്ട്രീയം തൊട്ട് തീണ്ടിയിട്ടില്ലാത്തയാളാണ് സുധാകരന്‍, വെട്ടൊന്ന് മുറി രണ്ട് എന്നതാണ് ശൈലി. അതുകൊണ്ടാണ് സതീശനെ മാധ്യങ്ങള്‍ക്ക് മുന്നില്‍ വെച്ച് തെറിവിളിച്ചത്. പ്രാദേശിക നേതാക്കള്‍ പോലും കാണിക്കാത്ത രീതിയിലുള്ള അപക്വമായ രീതികളാണ് സുധാകരന്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തെ എങ്ങനെയും പുകച്ച് പുറത്തുചാടിക്കണമെന്ന് കെ.സി വേണുഗോപാലും സതീശനും പദ്ധതിയിട്ടിട്ട് കുറേക്കാലമായി.
മത്സരിക്കുന്നില്ലെന്ന് വാശിപിടിച്ച സുധാകരനെ കണ്ണൂരില്‍ വീണ്ടും ഇറക്കിയത് അതുകൊണ്ടാണ്. ടി.എന്‍ പ്രതാപന്‍ ജയിച്ചാല്‍ ഒരു പക്ഷെ, കേന്ദ്രമന്ത്രിയാവാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടാണ് എല്ലാ സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോഴും പ്രതാപനെ അവസാന നിമിഷം പുറത്താക്കിയത്. പകരം കെ.മുരളീധരനെ കൊണ്ടുവന്നെങ്കിലും തൃശൂരില്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ല. പ്രതാപനും മുന്‍ എം.എല്‍.എ വിന്‍സെന്റും ചേര്‍ന്ന് കാലുവാരിയെന്നാണ് പത്മജ വേണുഗോപാല്‍ ആരോപിക്കുന്നത്.
രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ അപകടകരമായിരിക്കുന്ന സ്ഥിതിയുള്ളപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇമ്മാതിരി തെമ്മാടിത്തരമാണ് കാണിക്കുന്നത്. ഇവര്‍ക്കാര്‍ക്കും പാര്‍ട്ടിയോട് കൂറില്ല. സ്വന്തം സ്ഥാനവും കീശയും മാത്രമാണ് നോട്ടം. ഒരുകാര്യത്തിലും വ്യക്തമായ നിലപാട് എടുക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ല. പഴയ ജന്മികുടിയാന്‍ സമ്പ്രദായം പോലെ ജാതിയും മതവും നോക്കിയാണ് മണ്ഡലം പ്രസിഡന്റുമാരെ മുതല്‍ മുകളിലോട്ടുള്ളവരെ നോമിനേറ്റ് ചെയ്യുന്നത്. സമുദായ നേതാക്കള്‍ കോണ്‍ഗ്രസിനും നേതൃത്വത്തിനുമെതിരെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം കേട്ട് ഓച്ഛാനിച്ച് നില്‍ക്കും.
ഇവരെയൊന്നും അവര്‍ വിലകല്‍പ്പിക്കുന്നില്ല. സി.പി.എമ്മിനെ കുറിച്ച് സംസാരിക്കാന്‍ സമുദായ-സഭാ നേതാക്കന്മാര്‍ ഈ രീതിയില്‍ വിമര്‍ശനം നടത്താറില്ല. നടത്തിയാല്‍ തന്നെ അവര്‍ കണക്കിന് തിരിച്ച് കൊടുക്കും. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഹുസൈന്‍ മടവൂരുമൊക്കെ അതിന്റെ ചൂട് അറിഞ്ഞവരാണ്. മുമ്പ് കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയം നിയന്ത്രിച്ചിരുന്നവരില്‍ പലരും കേരളത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു. ആന്റണി, വയലാര്‍ രവി, കെവി തോമസ്, പിടി ചാക്കോ, പിജെ കുര്യന്‍ അങ്ങനെ വലിയൊരു നിരയുണ്ടായിരുന്നു. ഇവരെല്ലാം സംഘടനാ തലത്തിലും പാര്‍ലമെന്ററി രംഗത്തും മികവ് പുലര്‍ത്തുമായിരുന്നു.
നിലവില്‍ കെ.സി വേണുഗോപാല്‍ മാത്രമാണ് ദേശീയതലത്തില്‍ ശ്രദ്ധേയമായ സ്ഥാനംവഹിക്കുന്ന നേതാവ്. ഭാഷാപ്രശ്‌നം കാരണം കെ.സിക്ക് പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ഉയരുന്നുവരാനാകുന്നില്ല. രാഹുല്‍ഗാന്ധിയുടെ പെറ്റായത് കൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കുപ്പായം തുന്നിയിരിക്കുന്ന നേതാക്കളില്‍ ഒരാളാണ് കെ.സി. സതീശനും ചെന്നിത്തലയും ആ കുപ്പായം എന്നേ തൈയ്ച്ച് വച്ച് ഇസ്തിരിയിട്ടിരിക്കുകയാണ്.
കൂട്ടായി നിന്ന് സംഘടന ശക്തിപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ജയിക്കണമെന്ന് ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് കെ.സുധാകരനെ മാറ്റിയത് കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. കേന്ദ്രത്തില്‍ ഇത്തവണ ഇന്ത്യ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കെ.സിയും കെ.മുരളീധരനും മടങ്ങിവന്നാല്‍ അടിയുടെ പൊടിപൂരമാകും. അതിനിടയിലൂടെ പിണറായി മൂന്നാമൂഴം കൊണ്ടുപോകാനും സാധ്യതയുണ്ട്.
ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശ് ചെന്നിത്തല പലപ്പോഴും ശ്രമിക്കുന്നുണ്ടെങ്കിലും സതീശനും സുധാകരനും അതിനെ ചവിട്ടിമെതിച്ച് ദൂരെയെറിയും. സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ സതീശനോ, സുധാകരനോ ശേഷിയില്ല. പിണറായി ഭരണം പരമാവധി നാറണം, ആ നാറ്റത്തിലൂടെ ജനം നമുക്ക് വോട്ട് ചെയ്യണം, അങ്ങനെ അധികാരത്തിലേറണം എന്നാണ് ഇവരുടെ ഒരു ഇത്. യുഡിഎഫ് എന്ന സംവിധാനം തകര്‍ന്നിട്ട് രണ്ട് പതിറ്റാണ്ടോളമായി.
2011ല്‍ രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയത്. അന്ന് സി.പി.എമ്മായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ യുഡിഎഫിലെ എത്രകക്ഷികളാണ് ഇടതിനൊപ്പം ചേര്‍ന്നത്. രണ്ട് കേരളാ കോണ്‍ഗ്രസുകള്‍, ജനതാദള്‍ എല്ലാരും എകെജി സെന്ററിലേക്ക് ചേക്കേറി. ലീഗ് അവസരം കാത്തിരിക്കുകയാണ്. എന്നിട്ടും പഠിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസുകാരോട് എന്ത് പറയാന്‍.
https://www.facebook.com/Malayalivartha