കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു

തന്നെ കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി. എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. പ്രതിപക്ഷ നേതാവോ, എം.എം ഹസനോ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇതൊന്നും കാണാനെത്തിയില്ല. പണികളെല്ലാം പാളിയ സ്ഥിതിക്ക് വെറുതെ ചെന്ന് നാണംകെടേണ്ടെന്ന് കരുതിക്കാണും. ബിജെപിയില്‍ ചേരുമെന്ന് അടക്കമുള്ള ഭീഷണി മുഴക്കി സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് കസേര തിരിച്ചുപിടിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം പദവിയിലേക്ക് മടങ്ങിയെത്താനാണ് കഴിഞ്ഞ ദിവസം എത്തിയതെങ്കിലും കെ.പി.സി.സി യോഗത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെല്ലാം സുധാകരനെതിരെ ആവേശത്തോടെ കളത്തിലിറങ്ങി. അങ്ങനെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചുമതല കൈമാറാമെന്ന ധാരണയിലെത്തി. ഇതോടെ കലിപ്പിലായ സുധാകരന്‍ ഹൈക്കമാന്‍ഡിനോട് ക്ഷുഭിതനായെന്നാണ് സൂചന. മുമ്പില്ലാത്ത കീഴ് വഴക്കങ്ങള്‍ കൊണ്ടുവരുന്നത് തന്നെ അപമാനിക്കാനാണെന്നും ഇതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
സതീശനും സുധാകരനും തമ്മില്‍ അടയും ചക്കരയും പോലെയായിരുന്നെങ്കിലും അടുത്തകാലത്തായി കീരിയും പാമ്പുമായി മാറിക്കഴിഞ്ഞു. സതീശനെതിരെ പരസ്യമായി സുധാകരന്‍ തെറിവിളിക്കുകയും വാര്‍ത്താസമ്മേളനം നടത്താനായി മൈക്കിന് വേണ്ടി ഇരുവരും കടിപിടികൂടുകയും ചെയ്തത് വലിയ നാണക്കേടായി മാറിയിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഒരു പൊടിക്ക് അടങ്ങാന്‍ ഇരുവരും തയ്യാറായില്ല.
ഇതിനിടെ സതീശന്‍ കെ.സി വേണുഗോപാലിനൊപ്പം ചേരുകയും എങ്ങനെയും സുധാകരനെ കണ്ണൂരിലേക്ക് വണ്ടികയറ്റിവിടാനുള്ള പണി ആരംഭിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചെങ്കിലും കെ.സി ഇടപെട്ടത് പൊളിച്ചടുക്കി. സുധാകരന്റെ നാക്കിന് എല്ലില്ലെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രധാന ആരോപണം. വായില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കി. പുനസംഘടനയില്‍ ഇവര്‍ക്കെല്ലാം കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ സംവിധാനം കാര്യക്ഷമമായിരുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
ഇതിന്റെ മറവില്‍ എം.എം ഹസനുള്ള താല്‍ക്കാലിക ചുമതല തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ നീട്ടിക്കൊണ്ട് പോകാനും റിസല്‍ട്ട് വന്ന ശേഷം കഴിഞ്ഞതവണത്തെ അത്ര സീറ്റ് കിട്ടിയില്ലെങ്കില്‍ സുധാകരനെ പുറത്ത് ചാടിക്കാനുമായിരുന്നു നീക്കം. അപകടം മണത്ത സുധാകരന്‍ ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തിയാണ് അധികാരം തിരിച്ച് പിടിച്ചതെന്ന് അസുയാലുക്കള്‍ ആരോപിക്കുന്നു.
കസേര തിരിച്ച് പിടിച്ചത് കൊണ്ട് മാത്രം കാര്യമില്ല, ഇനിയുള്ള നാളുകള്‍ സുധാകരനെ സംബന്ധിച്ച് കല്ലും മുള്ളും നിറഞ്ഞ കാനനപാതയായിരിക്കും. പൊതുസമൂഹത്തില്‍ നിന്ന് ഏല്‍ക്കുന്നതിനേക്കാളേറെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകും. അതിനുള്ള എല്ലാ സന്നാഹങ്ങളും സതീശനും കെ.സിയും മറ്റ് സംഘങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ സുധാകരനെ എം.പിയായി മാത്രം ഒതുക്കി മൂലയ്ക്കിരുത്തുകയോ, അല്ലെങ്കില്‍ സഹമന്ത്രി സ്ഥാനം നല്‍കുകയോ ചെയ്യും. തൃശൂരില്‍ കെ.മുരളീധരന്‍ തോല്‍ക്കുകയാണെങ്കില്‍ കെ.പി.സിസി പ്രസിഡന്റാവാനാണ് സാധ്യത. അതിനോട് വലിയ എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ല.
തമ്മിലടി ശക്തമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സംസ്ഥാനത്ത് വളരെ മോശമായ സ്ഥിതിയിലേക്കാണ് പോകുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് സമയമില്ല. തൊഴുത്തില്‍കുത്താണ് പ്രധാന അജണ്ട. താമസിയാതെ പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഉണ്ടാകും. അതില്‍ യുഡിഎഫിന് മേല്‍കൈ ഉണ്ടെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എ ആകാനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയും തെരുവ് യുദ്ധം നടക്കാനും സാധ്യതയുണ്ട്. ചെന്നിത്തല, കെ.സി, സതീശന്‍, കെ.സുധാകരന്‍ ഇവരെല്ലാം മുഖ്യമന്ത്രി കസേരയ്ക്ക് കണ്ണുംനട്ടിരിക്കുകയാണ്. ചെന്നിത്തല കഴിഞ്ഞതണ ആകുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. അത് നടന്നില്ലെന്ന് മാത്രമല്ല പ്രതിപക്ഷനേതാവിന്റെ കസേര പോലും തെറിച്ചു.
ഇവരെയെല്ലാം വെട്ടി മറ്റാരെങ്കിലും വരുമോ എന്നും പറയാനൊക്കില്ല. പരമ്പരാഗത ക്രൈസ്തവ-മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മൃദുഹിന്ദുത്വവും നേതാക്കളുടെ വിശ്വാസ്യതയില്ലായ്മയുമാണ് ഇതിന് കാരണം. രണ്ടാംനിര നേതാക്കളില്‍ പലരും ബിജെപിക്കൊപ്പം പോയി. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന അവസ്ഥയാണുള്ളത്. ഇതിനെയൊക്കെ മറികടക്കണമെങ്കില്‍ ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുപോകാന്‍ കഴിവുള്ള നേതൃത്വം വേണം.
ഉമ്മന്‍ചാണ്ടിക്കതുണ്ടായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് ഒരുപരിധി വരെ അതിന് കഴിയും. അദ്ദേഹത്തെ അമ്പില്ലും വില്ലിലും അടുക്കാന്‍ സതീശനും കെ.സിയും സമ്മതിക്കുന്നില്ല. ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്ന വി.എസ് ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ കെ.സിക്കൊപ്പമാണ്. കെ.സി സംഘടനാ ജനറല്‍ സെക്രട്ടറിയായതോടെ എ, ഐ ഗ്രൂപ്പുകളിലെ പലരും കെ.സിക്കൊപ്പം കൂടിയിരിക്കുകയാണ്. എല്ലാവരുടെയും ലക്ഷ്യം പദവിയാണ്, പാര്‍ട്ടിയല്ല.
തമ്മിലടികള്‍ക്കിടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരമമായിരിക്കും ഉണ്ടാവുക. പത്ത് കൊല്ലം അധികാരം നഷ്ടപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷനിലാണ് ലീഗ്. അവര്‍ ഏത് നിമിഷവും എകെജി സെന്ററിലേക്ക് പോകാം. പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് പിണറായിയും സംഘവും. അതുകൊണ്ട് ചക്കളത്തിപ്പോര് അവസാനിപ്പിച്ച് സംഘടനയെ ശക്തരാക്കുകയും ജനകീയ അടിത്തറ ഉറപ്പിക്കുകയുമാണ് കെ.പിസിസി നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha