സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . നേരത്തെ കണ്ണൂർ ജില്ലയിൽ സ്വർണ്ണ കള്ളക്കടത്തും മാഫിയ കൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളുമായി ഇതു നാം കണ്ടതാണ്. ഇപ്പോൾ മലപ്പുറം ജില്ലയിലും കാണുന്നത് സിപിഎമ്മിലെ ഈ കൊള്ള മുതൽ പങ്കുവെക്കൽ തർക്കമാണ്. പോലീസിലെ മാഫിയയാണ് അതിന് അവരെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും ആറന്മുളയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്വർണ്ണ കള്ളക്കടത്തും, പാർട്ടിക്കുള്ളിലെ അതിന്റെ ഏജന്റുമാരും, സ്വർണ്ണം അടിച്ചുമാറ്റുന്ന പോലീസുകാരും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു. തുടങ്ങിയ കാര്യങ്ങളൊക്കെ സ്ഥിരീകരിച്ചത് അതീവ ഗൗരവതരമാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തു കേസിലെ പ്രതിയെ ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഇതേ സംഘങ്ങൾ തന്നെയാണെന്ന് പുറത്തുവന്നിരിക്കുന്നു.
സ്വർണ്ണ കള്ളക്കടത്തുകാരോടും മാഫിയ സംഘങ്ങളോടുമുള്ള സർക്കാറിന്റെ ബന്ധമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിമാനത്താവളത്തിനു പുറമേ നിന്ന് പിടിക്കുന്ന സ്വർണത്തിൽ പോലീസിന് ഇത്ര പൊട്ടിക്കുന്നവർക്ക് ഇത്ര എന്നിങ്ങനെയുള്ള പങ്കുവെക്കൽ ആണ് ഇപ്പോൾ തർക്കത്തിൽ കലാശിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് കഴിഞ്ഞതിനുശേഷം എംവി ഗോവിന്ദൻ അൻവർ ആരാണെന്ന് ചോദ്യത്തിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ എംവി ഗോവിന്ദനെ കണ്ട ശേഷമാണ് പിവി അൻവർ വർദ്ധിത വീര്യത്തിലേക്ക് തിരിച്ചുവന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് പാർട്ടി നേരത്തെ പറഞ്ഞിരുന്ന എല്ലാം പരിശോധിക്കും, അന്വേഷിക്കും എന്ന നിലപാടുകൾ എല്ലാം കള്ളമായിരുന്നു എന്നതാണ്.
സിപിഎമ്മിന് ഒരു ആത്മാർത്ഥതയും ഈ കാര്യത്തിൽ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉൾപാർട്ടി പ്രശ്നമായി പരിഹരിക്കാൻ പറ്റുന്ന വിഷയമല്ല. എല്ലാ ആരോപണങ്ങളുടെയും കുന്തമുന പതിക്കുന്നത് മുഖ്യമന്ത്രിയിലാണ്. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha