ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫലം വരുന്നതോടെ നിയമസഭയിൽ ബിജെപിക്ക് പ്രതിനിധികളുണ്ടാകുമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക. ജനങ്ങളുടെ ശബ്ദം നിയമസഭയിൽ ഉയർന്നുവരേണ്ടതിൻ്റെ ആവശ്യമാണ് പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ മൂന്നാം ബദൽ ഉയർന്നുവരുക തന്നെ ചെയ്യും.
കേന്ദ്ര സർക്കാരിൻ്റെ വഖ്വഫ് നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസാക്കിയത് കേരളത്തിൻ്റെ പൊതുവികാരത്തിനെതിരാണ്. ക്രൈസ്തവസഭകളുടെ ആവശ്യം ഇടതുപക്ഷവും ഐക്യമുന്നണിയും പരിഗണിച്ചില്ല. പാലക്കാട്ടെയും ചേലക്കരയിലെയും ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ എൻഡിഎ ചരിത്ര മുന്നേറ്റമുണ്ടാക്കും. സംസ്ഥാനത്ത് പ്രതിപക്ഷം പരാജയമാണ്. നിയമസഭയിൽ നടക്കുന്നത് പൊറാട്ട് നാടകമാണ്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ കുറിച്ച് ആ പാർട്ടി വിട്ടുപോയവർ തന്നെ പറയുന്നത് ജനങ്ങൾ കേൾക്കുകയാണ്. കോൺഗ്രസ് ഒരു പ്രത്യേക വിഭാഗം നിക്ഷിപ്ത താത്പര്യക്കാരുടെ പാർട്ടിയായി മാറിക്കഴിഞ്ഞു. കോൺഗ്രസിൽ കെ.സുധാകരൻ്റെയും കെ.മുരളീധരൻ്റെയും ചാണ്ടി ഉമ്മൻ്റെയും ചെന്നിത്തലയുടേയും അവസ്ഥയെന്താണ്. കോൺഗ്രസിനെ ഒരു മാഫിയ സംഘം കയ്യടക്കി വെച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
എംബി രാജേഷ് പറയുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ ഡീലാണെന്നാണ്. 2019ലെ തോൽവിയുടെ റിപ്പോർട്ട് രാജേഷ് മറക്കരുത്. സിപിഎം വിലയിരുത്തിയത് പാർട്ടി വോട്ടുകൾ കോൺഗ്രസിന് മറിച്ചത് കൊണ്ടാണ് 2019ൽ എംബി രാജേഷ് തോറ്റതെന്നാണ്. 2021 ലെ തിരഞ്ഞെടുപ്പിലും സിപിഎം പാലക്കാട് തകർന്നടിഞ്ഞു. കുറച്ചു വർഷങ്ങളായി കോൺഗ്രസിനെ ജയിപ്പിച്ചത് സിപിഎമ്മാണ്. ഷാഫി പറമ്പിൽ ജയിച്ചപ്പോൾ എകെ ബാലൻ പറഞ്ഞത് ഞങ്ങൾ ശരിയായ നിലപാടെടുത്തുവെന്നാണ്. യഥാർത്ഥ ഡീൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ഞങ്ങൾ തൽസ്ഥിതി തുടരാം നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha