ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തങ്ങളുടെ ചേരികളുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യയെ ചൈനയുടെ ചേരിയിൽ എത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്; സി.പി.എം നേതാക്കൾ ചൈന ഭക്തരെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

സി.പി.എം നേതാക്കൾ ചൈന ഭക്തരെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- 1962 മുതൽ ഇന്ത്യയുടെ മുഖ്യശത്രുവായ ചൈനയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ബന്ധത്തെ വാഴ്ത്തുന്ന എം.എ ബേബിയെ പോലുള്ള സി.പി.എം നേതാക്കൾ അന്ധമായ ചൈന ഭക്തരാണ്.
ചൈന പിടിച്ചടക്കിയ ഇന്ത്യയുടെ ഭാഗമായ അക്സായ് ചിൻ പ്രദേശം വിട്ടു തരാനാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ചൈനയോട് ആവശ്യപ്പെടേണ്ടത്. ലഡാക് പ്രദേശത്തെ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന പ്രദേശമെന്ന് പറഞ്ഞ ഇ.എം.എസിൻ്റെ പഴയ നയം ബേബി തിരുത്തണം.
അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രമ്പിന് ഇടയ്ക്കിടെ ശക്തമായ മുന്നറിയിപ്പുനൽകുന്ന ബേബി, ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങിന് ശക്തമായ ഉപദേശം നൽകി കൊണ്ടിരിക്കണം. ഇന്ത്യയുമായുള്ള തർക്ക പ്രശ്നത്തിൽ പാക്കിസ്ഥാനെ ഇപ്പോഴും പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാട് മാറ്റാൻ ബേബി പരിശ്രമിക്കണം.
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തങ്ങളുടെ ചേരികളുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യയെ ചൈനയുടെ ചേരിയിൽ എത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. പഴയ അമ്മവീടായ ചൈനയിൽ മഴ പെയ്യുമ്പോൾ ഇന്ത്യയിൽ കുടപിടിക്കുന്ന പാരമ്പര്യമാണ് സി.പി.എം ഇപ്പോഴും പുലർത്തുന്നത്.
ചേരിചേരാനയത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എപ്പോഴും അമേരിക്കയുടെ ഏകധ്രുവ ലോക സിദ്ധാന്തത്തെ എതിർത്തിട്ടുണ്ട്. അപ്പോഴെല്ലാം കമ്യൂണിസ്റ്റു ചേരിയിലെ രാജ്യങ്ങളായ ചൈന, റഷ്യ, ഉത്തര കൊറിയ, ക്യൂബ, വിയറ്റ്നാം, ലാവോസ് തുടങ്ങിയവയുടെ ദാസ്യപ്പണി ചെയ്തവരാണ് സി.പി.എം കാർ. ഇവയിൽ പലതും ഇപ്പോൾ കമ്മ്യൂണിസം വെടിഞ്ഞ ഏകാധിപത്യ മുതലാളിത്ത രാജ്യങ്ങളാണ്. നരേന്ദ്ര മോദിയുടെ ചൈന ബന്ധത്തിൻ്റെ പേരിൽ കേരളത്തിലും ബംഗാളിലും ബി.ജെ.പിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനാണ് സി.പി.എം ഇപ്പോൾ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha