തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

2026 ൽ 2011 ആവർത്തിക്കുമോ? 2011 ൽ വിഎസ് അച്ചുതാനന്ദന്റെ സർക്കാർ കപ്പിനും ചുണ്ടിനുമിടയിൽ വീണത് പോലെ 2026 ൽ പിണറായി സർക്കാരും വീഴുമോ? വി എസിനെ 2011 ൽ പിണറായി വീഴ്ത്തിയെങ്കിൽ 2026 ൽ പിണറായിയെ വീഴ്ത്താൻ ആരെത്തും? ആരുമെത്താം ജാഗ്രത എന്നാണ് ഇക്കാര്യത്തിൽ പിണറായിക്ക് പറയാനുള്ളത്.ഇതിന്റെ ഭാഗമാണ് സി പിഎമ്മിന്റെ പുതിയ സർക്കുലർ.
മേലിൽ ആരും ഫോണിൽ പാർട്ടി കാര്യങ്ങൾ സംസാരിക്കരുതെന്ന് സി പി എമ്മിൽ രഹസ്യ സർക്കുലർ ഇറങ്ങും.ഇക്കാലത്ത് എല്ലാ സ്മാർട്ട് ഫോണുകളിലും റെക്കോർഡിംഗ് സൗകര്യം ഉണ്ടെന്നും ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് പാർട്ടി ഉന്നതർ സംശയിക്കുന്നത്. തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖയാണ് നേതാക്കളെ വിറപ്പിക്കുന്നത് .
ഇലക്ഷന് ഏതാനും രാപകലുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പാർട്ടിക്ക് ഉള്ളിൽ നിന്നും തന്നെ കതിനാവെടി പൊട്ടിയത്. ഇത് എങ്ങനെയെന്ന് എത്ര ആലോചിച്ചിടും നേതാക്കൾക്ക് പിടി കിട്ടുന്നില്ല. മൂന്നാം പിണറായി സർക്കാർ എന്ന മോഹം തന്നെ അടുപ്പത്താവുന്ന സംഭവങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.പാർട്ടിക്കാർ തന്നെ പാർട്ടിക്കെതിരായി നീങ്ങുന്നതിന്റെ രഹസ്യം ആർക്കും പിടി കിട്ടുന്നില്ല. അതീവ ജാഗ്രതയോടെ നീങ്ങണമെന്ന നിർദ്ദേശം അങ്ങനെയാണ് വരുന്നത്.
പാർട്ടിക്കുള്ളിൽ നിന്നുവരുന്ന കൊടുങ്കാറ്റിനെ കുറിച്ച് നന്നായി ബോധ്യമുള്ളയാളാണ് പിണറായി. 2011 ൽ വി എസ് അനുഭവിച്ചതും ഇതേ കൊടുങ്കാറ്റുതന്നെയാണ്. പതിനഞ്ച് കൊല്ലങ്ങൾക്ക് ശേഷം അത് തന്റെ നേരെയും തിരിയുമെന്ന് മനസിലാക്കാനുള്ള വിവേകം പിണറായിക്കുണ്ട്. അതാണ് ജാഗ്രത എന്ന വാക്കിൽ പിണറായി ഉദ്ദേശിക്കുന്നതും. ശരത് പ്രസാദിന് പിന്നിൽ ചില സി പി എം നേതാക്കളുണ്ടെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. പക്ഷേ അത് കണ്ടെത്താനാവുന്നില്ല.
തൃശൂരിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രഖ്യാപിച്ചെങ്കിലും പാർട്ടിയിൽ ഇതുണ്ടാക്കിയ കോലാഹലങ്ങൾ അവസാനിക്കുന്നില്ല. പാർട്ടിക്കകത്ത് ആരോപണങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്നും ശബ്ദരേഖ
പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ടി.പി. പറഞ്ഞു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എ സി മൊയ്തീനെയും എം കെ കണ്ണനെയും കരിവാരി തേയ്ക്കാനാണ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. ആരോപണം ഉയർന്നാൽ ഉടനെ പുറത്താക്കാൻ കഴിയില്ല. നിയമവ്യവസ്ഥ പാലിച്ച് നടപടിയെടുക്കും. ഒരു പരാതിയും സർക്കാർ മൂടിവെച്ചിട്ടില്ലെന്നും പലതും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി ശരത് പ്രസാദിനോട് പാര്‍ട്ടി വിശദീകരണം തേടി. ശരത് പ്രസാദിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആരോപണത്തിൽ വിശദീകരണം നല്‍കുന്നതിനായി ശരത്തിന് മൂന്ന് ദിവസമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സംഭാഷണത്തിന്റെ വീഡിയോയും കയ്യിലുണ്ടെന്നാണ് ശബ്ദരേഖ പുറത്തുവിട്ടവര്‍ പറയുന്നത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ശരത്തിന്റെ ഓഡിയോ പുറത്തുവിട്ടത്.
കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ, കോർപ്പറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെയായിരുന്നു ശരത്തിന്റെ ആരോപണം. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഒരു മിനിട്ട് 49 സെക്കൻഡ് നേരം നീണ്ടുനിൽക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
അഞ്ച് വർഷങ്ങൾക്ക് മുൻപത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാൽ ശരത്തിനോട് സംസാരിക്കുന്നത് താൻ തന്നെയാണെന്ന് നിബിൻ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ശരതും നിബിനും പാർട്ടിക്കാർ തന്നെയാണ്. എം.കെ. കണ്ണനെയും മൊയ്തീനെയും പോലുള്ള നേതാക്കളെ കേരളത്തിന് നന്നായറിയാം. എം കെ കണ്ണൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.അതുകൊണ്ടാണ് അദ്ദേഹത്തെ കേരള ബാങ്കിൻ്റെ ആദ്യ വൈസ് പ്രസിഡൻറാക്കിയത്.
1985ൽ കൊച്ചിയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ബദൽ രേഖാ വിവാദത്തെത്തുടർന്ന് എം.വി.രാഘവനൊപ്പം പുറത്തുപോയ നേതാവാണ് എം.കെ. കണ്ണൻ. പിന്നീട് 37 വർഷത്തിനുശേഷം വീണ്ടും അതേ മണ്ണിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തു. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് കണ്ണൻ 1985ൽ സംസ്ഥാന സമ്മേളന പ്രതിനിധിയായത്. ആ സമ്മേളനത്തിൽ എം.വി.ആറിനൊപ്പം ഉറച്ചുനിന്നു. പിന്നീട് എം.വി.ആറിനൊപ്പം പാർട്ടി വിട്ട് സി.എം.പി രൂപീകരിച്ചു. സി.എം.പി സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും പാർട്ടി പിളർന്നപ്പോൾ അരവിന്ദാക്ഷൻ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായി. 2019ൽ സി.പി.എമ്മിൽ തിരിച്ചെത്തി. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്.
എം.കെ.കണ്ണനെ പാർട്ടിയിൽ തിരികെ എത്തിച്ചത് പിണറായി വിജയനാണ്. എം.വി.രാഘവനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ് പിണറായി വിജയൻ.കണ്ണൻ സഹകരണ മേഖലയിലെ അക്ഷരമാല പഠിച്ചത് എം.വി.ആറിൽ നിന്നായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കണ്ണനെ ഇ ഡി ചോദ്യം ചെയ്ത ദിവസം സാക്ഷാൽ പിണറായി വിജയൻ രാമനിലയത്തിലെത്തി കണ്ണനെ കണ്ടിരുന്നു.. ഏതാണ്ട് അര മണിക്കൂർ അടച്ചിട്ട മുറിയിൽ ഇരുവരും സംസാരിച്ചു.കടുത്ത മുഖവുമായി എത്തിയ കണ്ണൻ സന്തോഷത്തോടെയാണ് മടങ്ങിയത്.പിന്നീട് ഇ.ഡിക്ക് മുന്നിലെത്തിയ കണ്ണൻ അസുഖം അഭിനയിച്ച് മടങ്ങി.അന്ന് കണ്ണനെ പിണറായി രക്ഷിച്ചു.
എന്നാൽ തനിക്ക് അസുഖമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കണ്ണൻ പറഞ്ഞു. തന്നെ ഇ.ഡി.വിട്ടതാണ്. എപ്പോൾ വേണമെങ്കിലും ഇ.ഡിക്ക് വിളിക്കാം. എങ്കിൽ പോകുമെന്നും കണ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യലുമായി ബന്ധമില്ലെന്ന് എം.കെ.കണ്ണൻ പറഞ്ഞു.. കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നതിനായി എത്തിയപ്പോഴാണ് കണ്ണന്റെ പ്രതികരണം. താൻ പാർട്ടിക്കാരനാണെന്നും, പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി കണ്ടതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എം.കെ.കണ്ണന്റെ മറുപടി ഇങ്ങനെ: ‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല.’ പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘പാർട്ടിക്കാരനല്ലേ ഞാൻ? പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എന്നും കണ്ണൻ മറുപടി നൽകി.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇ.ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറാണ്, ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ണനെ ചോദ്യം ചെയ്തത്. അതിനിടെ, കരുവന്നൂർ സഹകരണ ബാങ്കിൽ പണമെത്തിക്കാനുള്ള ശ്രമവും സജീവമാണ്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമാഹരിച്ച 50 കോടി എത്തിക്കാനാണ് നീക്കം. രാവിലെ മുഖ്യമന്ത്രിയെ കണ്ട കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്‍, റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് ഇടപെടല്‍ അഭ്യര്‍ഥിച്ചു. കണ്ണനും മൊയ്തീനും പാർട്ടിയുടെ വിശ്വസ്തരാണ്.
മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പിന് തുടക്കം. അന്നു ബ്രാഞ്ച് മാനേജരായിരുന്ന എം.വി. സുരേഷ് രേഖാമൂലം മൊയ്തീനു പരാതി നല്കിയിട്ടും നടപടിയുണ്ടായില്ല. സുരേഷിനെ ബാങ്കില്‍ നിന്നും പിന്നീടു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പിന്നീട് മൊയ്തീന്‍ മന്ത്രിയായപ്പോള്‍ കെ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായി. രാധാകൃഷ്ണനു ശേഷം എം.എം. വര്‍ഗീസും സെക്രട്ടറിയായി. ഈ സമയത്തെല്ലാം പരാതികളുമായി നിരവധി പേര്‍ പാര്‍ട്ടി ഓഫീസ് കയറിയിറങ്ങി. പക്ഷേ നേതൃത്വം അനങ്ങിയില്ല. തട്ടിപ്പിനു നേതൃത്വം നല്കിയ പ്രധാന പ്രതി ബിജു കരീമിന്റെ സ്ഥാപനം ഉദ്ഘാടനത്തിനു സഹ. മന്ത്രിയായിരുന്ന മൊയ്തീന്‍ നേരിട്ടെത്തുകയും ചെയ്തു. സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലവട്ടം തട്ടിപ്പു ചൂണ്ടിക്കാണിച്ചു. സര്‍ക്കാരും പാര്‍ട്ടിയും അതെല്ലാം മറച്ചുവച്ചു.
പരാതി നല്കിയ പലരും പാര്‍ട്ടിക്കു പുറത്തായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എ.കെ. ചന്ദ്രനാണ് പാര്‍ട്ടി കരുവന്നൂര്‍ ബാങ്കിന്റെ ചുമതല നല്കിയിരുന്നത്. ചന്ദ്രന്‍ നേരത്തേ തന്നെ കേസില്‍ പ്രതിയായി. പിന്നീട് ചന്ദ്രനെ പാര്‍ട്ടി പുറത്താക്കി. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാര്‍ സിപിഎം നേതാക്കള്‍ക്കെതിരേ മൊഴി നല്കിയിട്ടുണ്ട്. നേതാക്കള്‍ പറഞ്ഞിട്ടാണ് കോടികളുടെ വ്യാജ വായ്പകള്‍ നല്കിയതെന്നാണ് മൊഴി.ഇതിൽ ഉന്നത നേതാവും ഉൾപ്പെടാം.
കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കരുവന്നൂരില്‍ നടന്നത്. ബാങ്കില്‍ ചെറിയ വായ്പകള്‍ക്കായി പണയപ്പെടുത്തിയിരുന്ന സാധാരണക്കാരുടെ ആധാരത്തിന്മേല്‍ വ്യാജ പേരുകളില്‍ കോടികള്‍ വായ്പ എഴുതിച്ചേര്‍ത്ത് പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിലൊരു വിഹിതം പാര്‍ട്ടിക്കും ലഭിച്ചു. പ്രതികളുടെ അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടി ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് തൃശൂരിലെ വിവാദമായ ഫോൺ സംഭാഷണം പുറത്തുവന്നത്. ഇക്കാര്യം പ്രത്യക്ഷമായി പറഞ്ഞില്ലെങ്കിലും ജില്ലാ നേതാക്കൾ അഴിമതിക്കാരാണെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞാൽ അതാണ് അർത്ഥമാക്കുന്നത്. ഇത്തരം പ്രസ്താവനകൾ പാർട്ടിയെ കുഴിയിൽ ചവിട്ടിതാഴ്ത്തി. ഇലക്ഷനിലേക്ക് നീങ്ങുന്ന പാർട്ടി എത്തി നിൽക്കുന്ന പ്രതിസന്ധി വിവരണാതീതമാണ്.
2011 ൽ താൻ വി എസിനോട് ചെയ്തത് തനിക്ക് തിരികെ കിട്ടുമെന്ന് പിണറായിക്കറിയാം. എന്നാൽ അത് ആരിൽ നിന്നു മാത്രമാണെന്ന് അദ്ദേഹത്തിന് മനസിലാക്കാൻ കഴിയുന്നില്ല. പാർട്ടിക്കുള്ളിൽ ചേരിതിരിവുകൾ വരുമ്പോൾ പിണറായിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നതും ഇതു കൊണ്ടാണ്. കരുവന്നൂർ അഴിമതിയിൽ കണ്ണനും മൊയ്തീനുമല്ല യഥാർത്ഥ പ്രതികൾ.അവർ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. സംസ്ഥാന നേതൃത്വത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. അതുകൊണ്ടാണ് കരുവന്നൂരിൽ ഇ.ഡി. വന്നപ്പോൾ പിണറായി നേരിട്ടിറങ്ങിയത്. അതിന്റെ ഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
എത്രയും വേഗം ഫോൺ കേസിലെ ശരത് പ്രസാദിനെ ഒതുക്കാനായിരിക്കും സി പി എം ഇനി ശ്രമിക്കുക.അതിന് ചിലപ്പോൾ കുറ്റം സാങ്കേതികവിദ്യയുടെ തലയിലുമാക്കും. വിവാദം വളർത്താൻ പിണറായി ആഗ്രഹിക്കുന്നില്ല.എ ത്രയും വേഗം വിവാദം തണുപ്പിക്കും. ഫോൺ സംഭാഷണം ലാബിൽ നിർമ്മിച്ചതാണെന്ന് വരുത്തി തീർക്കും. അതോടെ കണ്ണനും മൊയ്തീനും ഊരും.പക്ഷേ അപ്പോഴും പിണറായി ഭയപ്പെട്ടുകൊണ്ടേയിരിക്കും.കാരണം വി എസിന്റെ നെഞ്ചിലെ തീ അണയ്ക്കാൻ പിണറായിക്ക് കഴിയില്ല.
https://www.facebook.com/Malayalivartha