വരവായി, ഒമാനില്‍ ഇത്യോപ്യന്‍ പൂക്കാലം

ഒമാന്‍ ഇനി കുറച്ച് ദിവസങ്ങളില്‍ പൂക്കളുടെ വസന്തത്തില്‍ മുഴുകി നില്‍ക്കും. ഒമാനു സുഗന്ധവും സൗന്ദര്യവുമേകാന്‍ ഇനി ഇത്യോപ്യന്‍ വസന്തം എത്തികഴിഞ്ഞു. ഇത്യോപ്യയില്‍ നിന്നു പലതരം റോസാപൂക്കളും മറ്റും ഇറക്കുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പഴങ്ങള്‍, പച്ചക്കറികള്‍, ആട്ടിറച്ചി, കരള്‍ ഉള്‍പ്പെടെ ആടിന്റെ ഭക്ഷ്യയോഗ്യമായ ആന്തരിക അവയവങ്ങള്‍, ശീതീകരിച്ച മാംസം തുടങ്ങിയവയും ഇറക്കുമതി ചെയ്യും.
ഇത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നടന്ന ഒമാന്‍-ഇത്യോപ്യ വ്യാപാരമേളയിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. ഒമാനിലെ ഇരുപതോളം കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഇത്യോപ്യയില്‍ ഒമാന്‍ ഒട്ടേറെ നിക്ഷേപ പദ്ധതികള്‍ക്കും തുടക്കമിടുകയാണ്.
നിര്‍മാണയൂണിറ്റുകള്‍, കാര്‍ഷികപദ്ധതികള്‍ തുടങ്ങിയവയ്ക്കു മേല്‍നോട്ടം വഹിക്കും. ഇതര ആഫ്രിക്കന്‍ രാജ്യങ്ങളിലും അവസരങ്ങള്‍ക്ക് ഇതു വഴിയൊരുക്കും. ജിബൂത്തി, സൊമാലിയ, സുഡാന്‍, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇത്യോപ്യയുമായുള്ള സഹകരണം വ്യാപാരമേഖലയില്‍ വന്‍കുതിപ്പിനു സഹായകമാകുമെന്നു് ഒമാനി നിക്ഷേപകര്‍ വിലയിരുത്തുന്നു.
ഒട്ടേറെ തൊഴിലവസരങ്ങളും ഇതു സൃഷ്ടിക്കും. ഇത്യോപ്യയിലെ ഒന്‍പതുകോടി വരുന്ന ജനസംഖ്യയുടെ 60 ശതമാനവും യുവാക്കളാണ് എന്ന പ്രത്യേകതയുണ്ട്. ഇവര്‍ക്കു കാര്‍ഷികമേഖലയിലടക്കം ഒമാന്‍ പരിശീലനം നല്‍കും. വിഭവശേഷിയില്‍ സമ്പന്നമായ ഇത്യോപ്യയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി വികസനപദ്ധതികള്‍ക്ക് ഒമാന്‍ ലക്ഷ്യമിടുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി, വിശാലമായ കൃഷിയിടങ്ങള്‍, ടൂറിസം, ഇതര ഊര്‍ജസ്രോതസ്സുകള്‍ തുടങ്ങിയവ ഇത്യോപ്യയെ വ്യത്യസ്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha