അര്‍മേനിയയില്‍ മലയാളി യുവാവിനെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
അര്‍മേനിയയില്‍ ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അര്‍മേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു. ഭീഷണിയെ തുടര്‍ന്നു വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ നല്‍കിയെങ്കിലും ചൊവ്വാഴ്ചയ്ക്കുള്ളില്‍ രണ്ടര ലക്ഷം നല്‍കിയില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു കുടുംബം പറയുന്നത്.
മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കി. ''ഒരു മകനാണുള്ളത്. ഭര്‍ത്താവിനു സുഖമില്ല. മറ്റ് വരുമാന മാര്‍ഗങ്ങളുമില്ല. പലരോടും സഹായം ചോദിച്ചു. എനിക്കിനി ഒന്നും ചെയ്യാനാവില്ല''- വിഷ്ണുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കുടുംബത്തിന്റെ പരാതി ലഭിച്ചതായി നോര്‍ക്ക സിഇഒ അജിത് കോളശേരി പ്രതികരിച്ചു. എംബസിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha