നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍. മതപണ്ഡിതന്‍ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. യെമന്‍ ഭരണകൂട പ്രതിനിധികള്‍, ഗോത്ര തലവന്‍മാര്‍, കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്.
നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോര്‍ത്ത് യെമനിലാണ് ചര്‍ച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നല്‍കി വധശിക്ഷയില്‍നിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഫലപ്രദമാകാത്ത സാഹചര്യമാണ്.
നിമിഷപ്രിയ കേസില്‍ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും.
അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടന്‍ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha