യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു...

ചര്‍ച്ചകള്‍ക്കൊടുവില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.
അതേസമയം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നു. യെമനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല. യെമെനില്‍ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍നിന്ന് അവിടേക്ക് യാത്രാവിലക്കുമുണ്ട്. ഈ സാഹചര്യത്തില്‍ നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു.
യെമന്‍ പൗരനായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടര്‍ടാങ്കില്‍ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലാണ് സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിലവിലിപ്പോള്‍ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ.
https://www.facebook.com/Malayalivartha